ലഖ്നോ: യു.പിയിൽ എട്ട് വയസ്സുള്ള വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ച പ്രൈമറി സ്കൂൾ അധ്യാപകന് 20 വർഷം തടവ്. വിജയ് പാൽ സിങിനെയാണ് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. ഫിറോസാബാദിൽ 2015 മെയ് 14നാണ് ക്രൂരകൃത്യം നടന്നത്. ഇയാൾ പഠിപ്പിക്കുന്ന സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു കുട്ടി.
സ്‌കൂൾ കെട്ടിടത്തിന്റെ മുകളിലേക്ക് കുട്ടിയെ പ്രലോഭിപ്പിച്ച് എത്തിച്ചായിരുന്നു ലൈംഗികമായി ദുരുപയോഗം ചെയ്തത്. സംഭവം കുട്ടി വീട്ടുകാരോട് പറഞ്ഞതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി.ഐ.പി.സി 377 (പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങൾ), 507 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്.
എഫ്.ഐ.ആറിൽ പറയുന്നതനുസരിച്ച്, കുട്ടിയെ സിങ് മർദിക്കുകയും പീഢനവിവരം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്നാണ് കുട്ടി സംഭവം പറഞ്ഞതെന്ന് പിതാവ് പറഞ്ഞു. പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ശ്രമിച്ചതായും അധ്യാപകനുമായി ഒത്തുതീർപ്പിന് സമ്മർദ്ദം ചെലുത്തിയതായും കുട്ടിയുടെ പിതാവ് ആരോപിച്ചു. സെക്ഷൻ 164 സി.ആർ.പി.സി പ്രകാരം മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയ കുട്ടിയുടെ മൊഴി, സിങിന്റെ കുറ്റം തെളിയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായി അഡീഷണൽ സെഷൻസ് ജഡ്ജി സഞ്ജീവ് ശർമ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.