സുപ്രീംകോടതി
ന്യൂഡൽഹി: വൈക്കോൽ കത്തിച്ചതിന് ചിലരെ ജയിലിലടക്കുന്നത് മറ്റുള്ളവർക്കുള്ള മുന്നറിയിപ്പായിരിക്കുമെന്ന് സുപ്രീം കോടതി.എന്ത് കൊണ്ട് ആളുകൾക്ക് ചില പിഴ വ്യവസ്ഥകളെ കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ലെന്നും സുപ്രീംകോടതി ചോദിച്ചു. ചില ആളുകൾ ജയിലിലായാൽ അത് മറ്റുള്ളവർക്ക് കൂടിയുള്ള മുന്നറിയിപ്പായിരിക്കുമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളിലെയും കമ്മിറ്റികളിലെയും ഒഴിവുകളെക്കുറിച്ചുള്ള കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
ശൈത്യകാലം തുടങ്ങുമ്പോഴാണ് മലിനീകരണ തോതും സാധാരണയായി വർധിക്കുക. അതിന് മൂന്ന് ആഴ്ചകൾക്ക് മുമ്പ് തന്നെ വായുമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ തയാറാക്കാൻ കമീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് (സി.എ.ക്യു.എം), കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സി.പി.സി.ബി), സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ എന്നിവയോട് കോടതി ആവശ്യപ്പെട്ടു.
മലിനീകരണ നിയന്ത്രണ ബോർഡുകളിലെ ഒഴിവുകൾ സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാനങ്ങളെ ചോദ്യമുനയിൽ നിർത്തി. മൂന്ന് മാസത്തിനുള്ളിൽ നിയമനങ്ങൾ പൂർത്തിയാക്കാൻ ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തു.
സി.എ.ക്യു.എമ്മിനും സി.പി.സി.ബിക്കും സമാനമായ നിർദേശം നൽകിയിട്ടുണ്ട്. അതിനിടെ സംസ്ഥാന ബോർഡുകൾ, സി.എ.ക്യു.എം, സി.പി.സി.ബി എന്നിവയിലെ പ്രമോഷനൽ തസ്തികകൾ നികത്തുന്നതിന് കോടതി ആറ് മാസം സമയം അനുവദിക്കുകയും ചെയ്തു.
ദേശീയ തലസ്ഥാന മേഖലയിലും (എൻ.സി.ആർ) പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവയുടെ ചില ഭാഗങ്ങൾ ഉൾപ്പെടെയുള്ള സമീപ പ്രദേശങ്ങളിലും വായുവിന്റെ ഗുണനിലവാരം കൈകാര്യം ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനും കേന്ദ്രം സ്ഥാപിച്ച സി.എ.ക്യു.എമ്മിന് ഉത്തരവാദിത്തമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.