സി.ജെ.പിക്കെതിരെ പൊലീസ് അതിക്രമം: അന്വേഷണസമിതി പുനഃസംഘടന; വിസമ്മതിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: ജന്തർ മന്തറിലെ വിദ്യാർഥി പ്രക്ഷോഭവേളയിലെ പൊലീസ് അതിക്രമം അന്വേഷിക്കുന്ന അഞ്ചംഗ ഉന്നതാധികാര സമിതി പുനഃസംഘടിപ്പിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. സമിതിക്കെതിരെയുള്ള ആരോപണങ്ങൾ സാങ്കൽപികം മാത്രമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.
നിഷ്പക്ഷ സമീപനത്തോടെ സുതാര്യമായി കോടതിയെ സഹായിക്കാനാണ് സമിതി രൂപവത്കരിച്ചത്. ഏതെങ്കിലും ഒരു ഭാഗത്തിന്റെ പിഴവുകളോ കാരണങ്ങളോ അവതരിപ്പിക്കാനല്ല ഉന്നതാധികാര സമിതിയെ നിയോഗിച്ചതെന്ന് സെപ്റ്റംബർ പത്തിന് പുറപ്പെടുവിച്ച്, 15ന് ഓൺലൈനിൽ അപ്ലോഡ് ചെയ്ത ഉത്തരവിൽ കോടതി വിശദീകരിച്ചു.
പെല്ലറ്റ് ആക്രമണം, പ്രക്ഷോഭത്തിൽ പങ്കെടുത്ത പെൺകുട്ടികളെ ഉന്നംവെച്ചുള്ള അതിക്രമങ്ങൾ, അമിത ബലപ്രയോഗം എന്നിവയും ഇരുഭാഗത്തു നിന്നും ഉണ്ടായ വസ്തുനാശവും സംബന്ധിച്ച അന്വേഷണവുമായി ഉന്നതാധികാര സമിതിക്ക് മുന്നോട്ടു പോകാം. സമിതിക്ക് മുമ്പാകെ സാക്ഷി പറയാനും മൊഴി നൽകാനും തയാറാകുന്നവർക്ക് സംരക്ഷണം ഉറപ്പാക്കുകയും അവരുടെ വ്യക്തി വിവരങ്ങൾ വെളിപ്പെടുത്താതെ രഹസ്യമാക്കി വെക്കുകയും വേണം. അവർ സമർപ്പിക്കുന്ന തെളിവുകളുടെ കാര്യത്തിലും ജാഗ്രത വേണം. സാക്ഷികളോടുള്ള പെരുമാറ്റത്തെക്കുറിച്ച് പലരും ആശങ്ക പ്രകടിപ്പിച്ച സാഹചര്യം കണക്കിലെടുത്താണ് ഈ നിർദേശങ്ങൾ നൽകിയത്. അത്തരം സാക്ഷികൾക്ക് ഭീതിയില്ലാതെ മൊഴിയും തെളിവുകളുടെ രേഖകളും നൽകാൻ പ്രത്യേകം ഓൺലൈൻ പോർട്ടൽ തുറക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സഹായത്തിനായി മെംബർ സെക്രട്ടറിയെ സമിതിക്ക് നിയമിക്കാം.
ഉന്നതാധികാര സമിതിയുടെ പ്രതിനിധികളായും ഇരുഭാഗവും തമ്മിലുള്ള സ്വതന്ത്ര മധ്യസ്ഥരായും പ്രവർത്തിക്കാൻ മുതിർന്ന അഭിഭാഷകരായ മോണിക്ക ഗുസൈനോടും സി. സോളമനോടും കോടതി ആവശ്യപ്പെട്ടു.
ഹരജിക്കാരിൽ ഒരാൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷണും സമിതി പുനഃസംഘടിപ്പിക്കണമെന്ന് അഭ്യർഥിച്ചിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനത്തിലെ മുൻ ഡി.ജി.പി സമിതിയിൽ ഉണ്ടെന്നും, അന്വേഷണവിധേയനാകാൻ സാധ്യതയുള്ള ഉന്നത ഉദ്യോഗസ്ഥനുമായി അടുപ്പമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.