തമിഴ്നാട് നിരവധി പ്രശ്നങ്ങളിൽ വലയുന്നു, വിജയ് ലണ്ടനിൽ ഷൂട്ടിങ്ങിൽ; ഡി.എം.കെ നേതാവിന്റെ വീട്ടിലെ റെയ്ഡിൽ രൂക്ഷ വിമർശനവുമായി എം.കെ. സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട് നിരവധി പ്രശ്നങ്ങളാൽ വലയുമ്പോൾ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ലണ്ടനിൽ ഷൂട്ടിങ് തിരക്കിലാണെന്ന് മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. തമിഴ്നാട് മുൻ സ്കൂൾ വിദ്യാഭ്യാസ മന്ത്രിയും ഡി.എം.കെ നേതാവുമായ അൻബിൽ മഹേഷ് പൊയ്യാമൊഴിയുടെ തിരുച്ചിറപ്പള്ളിയിലെ വസതിയിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു സ്റ്റാലിന്റെ പ്രതികരണം.
100 കോടി രൂപയുടെ സ്വകാര്യ സ്കൂൾ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അൻബിൽ മഹേഷിന്റെ വസതിയിലെ റെയ്ഡ്. തമിഴ്നാട്ടിലെ വിവിധ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് റെയ്ഡ് നടത്തിയതെന്ന് സ്റ്റാലിൻ ആരോപിച്ചു. തമിഴക വെട്രി കഴകം അധ്യക്ഷനും നടനും കൂടിയായ വിജയ് ലണ്ടനിൽ തന്റെ ആദ്യ ഔദ്യോഗിക വിദേശ സന്ദർശനത്തിനിടെ സിനിമാ ചിത്രീകരണത്തിലാണെന്നും സ്റ്റാലിൻ വിമർശിച്ചു. തമിഴ്നാട് നിരവധി പ്രശ്നങ്ങളിൽ വലയുമ്പോൾ മുഖ്യമന്ത്രി വിജയ് ലണ്ടനിൽ ഷൂട്ടിങ്ങിലാണെന്നായിരുന്നു സ്റ്റാലിന്റെ പരാമർശം.
വൈദ്യുതി മുടക്കിനെതിരെ വിവിധയിടങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങൾ, പട്ടിനപ്പാക്കത്ത് മത്സ്യത്തൊഴിലാളികളുടെ സമരം, നേപ്പാളിൽ കാണാതായവരുടെ ബന്ധുക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു എം.കെ. സ്റ്റാലിന്റെ വിമർശനം. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ക്ഷീര സഹകരണ ബ്രാൻഡായ ആവിൻ പാലിന്റെ ക്ഷാമം, രാമനാഥപുരത്തെ ഇരട്ടക്കൊല, വിനായക ചതുർഥി ഘോഷയാത്രക്കിടെ ചെന്നൈയിൽ സർക്കാർ ബസ് ഡ്രൈവർ കൊല്ലപ്പെട്ട സംഭവം, അയനാവരത്ത് ടി.വി.കെ പ്രവർത്തകനും വനിതാ പൊലീസ് ഉദ്യോഗസ്ഥയും ഉൾപ്പെട്ട സംഭവം തുടങ്ങിയവയും സ്റ്റാലിൻ പരാമർശിച്ചു. ഈ വിഷയങ്ങളിൽ നടപടി സ്വീകരിക്കാതെ സർക്കാർ ജനശ്രദ്ധ തിരിച്ചുവിടാൻ പ്രതിപക്ഷത്തിനെതിരെ റെയ്ഡ് എന്ന ‘ആയുധം’ പ്രയോഗിക്കുകയാണെന്നും സ്റ്റാലിൻ ആരോപിച്ചു.
അൻബിൽ മഹേഷിനെതിരായ നടപടി നിയമപരമായി നേരിടുമെന്നും രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായി നടത്തിയ റെയ്ഡാണിതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിനെതിരെ റെയ്ഡ് നടത്തുന്നത് ജനങ്ങളുടെ രോഷം ശമിപ്പിക്കില്ല. തെറ്റായ ആരോപണങ്ങൾ കോടതിയിൽ നിലനിൽക്കില്ലെന്ന് ഈ സർക്കാർ ഉടൻ മനസ്സിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.