യുപിഐ ഇടപാടിന് ഫീസ്: പ്രതിഷേധം കനക്കുന്നു
ന്യൂഡൽഹി: ഒക്ടോബർ 15 മുതൽ 2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ വാണിജ്യ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സർക്കാറിനെയും കടന്നാക്രമിച്ച് പ്രതിപക്ഷം.
യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനുമുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നട്ടെല്ലില്ലാതെ കീഴടങ്ങുകയാണെന്നും അമേരിക്കൻ കമ്പനികൾക്ക് വൻ ലാഭമുണ്ടാക്കിക്കൊടുക്കാൻ യു.പി.ഐ നികുതി വഴി രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും രാഹുൽ ഗാന്ധി ആഞ്ഞടിച്ചു.
‘ഇടത്തോട്ടോ വലത്തോട്ടോ ചായാതെ താൻ നിവർന്നുനിൽക്കുന്നു’ എന്ന് മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പറഞ്ഞ നിലപാട് ചൂണ്ടിക്കാട്ടിയ രാഹുൽ, നരേന്ദ്ര മോദി ട്രംപിനുമുന്നിൽ പൂർണമായി മുട്ടുമടക്കുകയാണെന്നും പരിഹസിച്ചു. ജനവിരുദ്ധ തീരുമാനം ഉടൻ പിൻവലിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. യു.പി.ഐ ഫീസ് വ്യാപാരികളിൽ നിന്നാണ് ഈടാക്കുന്നതെന്നും വ്യക്തിഗത ഇടപാടുകൾക്കും ചെറുകിട ഇടപാടുകൾക്കും ബാധകമല്ലെന്നും സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും വ്യാപാരികൾ സാധനങ്ങളുടെയും സേവനങ്ങളുടെയും വില വർധിപ്പിച്ച് ഈ ഭാരം ഒടുവിൽ ഉപഭോക്താക്കളുടെ തലയിൽ തന്നെ വെക്കുമെന്ന് പ്രതിപക്ഷ നേതാക്കൾ ചൂണ്ടിക്കാട്ടി.
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങളെ സഹായിക്കുന്നതിനുപകരം അവരുടെ പോക്കറ്റടിക്കാൻ പുതിയ മാർഗം കണ്ടെത്തുകയാണ് കേന്ദ്ര സർക്കാറെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
യു.പി.ഐ സൗജന്യമായി നൽകുന്നതിനെയും അമേരിക്കൻ കമ്പനികളായ വിസ, മാസ്റ്റർകാർഡ് എന്നിവയുടെ വിപണി വിഹിതം കുറയുന്നതിനെയും വിമർശിച്ച് യു.എസ് ട്രേഡ് റപ്രസെന്റേറ്റിവ് പുറത്തുവിട്ട റിപ്പോർട്ടിന്റെ സമ്മർദത്തിന് വഴങ്ങിയാണ് കേന്ദ്രത്തിന്റെ തീരുമാനമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
നിലവിൽ ഇന്ത്യയിലെ യു.പി.ഐ വിപണിയുടെ 86 ശതമാനത്തിലധികവും കൈകാര്യം ചെയ്യുന്ന ഫോൺപേ, ഗൂഗ്ൾ പേ എന്നീ അമേരിക്കൻ ഉടമസ്ഥതയിലുള്ള ആപ്പുകളുടെയും അവയുടെ ഐ.പി.ഒ മൂല്യവും വരുമാനവും കൂട്ടാനാണ് സാധാരണക്കാരായ തൊഴിലാളികളെയും വിദ്യാർഥികളെയും ബുദ്ധിമുട്ടിച്ച് സർക്കാർ ഈ നീക്കം നടത്തുന്നതെന്ന് ജയ്റാം രമേശ് ആരോപിച്ചു.
യു.പി.ഐ സംവിധാനം നിലനിർത്താൻ പ്രതിവർഷം ആവശ്യമായ 20,700 കോടി രൂപ റിസർവ് ബാങ്ക് സർക്കാറിന് നൽകുന്ന ഭീമമായ സർപ്ലസിന്റെ വെറും 7.2 ശതമാനം മാത്രമാണെന്നിരിക്കെ, സാമ്പത്തിക ബാധ്യതയുടെ പേരിൽ ഫീസ് ഏർപ്പെടുത്തിയത് ജനങ്ങളെ വഞ്ചിക്കാനാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി. മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ) നടപ്പാക്കില്ലെന്ന് മുമ്പ് പാർലമെന്റിൽ ധനമന്ത്രി ഉറപ്പുനൽകിയശേഷം ഒളിച്ചുകടത്തിയ ഈ തീരുമാനം പിൻവലിക്കണമെന്ന് ധനകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ ആർ.എസ്.പി എം.പി എൻ.കെ. പ്രേമചന്ദ്രൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.