ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ ജീവിതം പാഠ്യപദ്ധതിയിൽ; ഉത്തരവുമായി പശ്ചിമ ബംഗാൾ സർക്കാർ

കൊൽക്കത്ത: ജനസംഘം സ്ഥാപകൻ ശ്യാമപ്രസാദ് മുഖർജിയുടെ ജീവിതം പാഠപുസ്തകത്തിൽ ഉൾപ്പെടുത്താനൊരുങ്ങി പശ്ചിമ ബംഗാളിലെ ബി.ജെ.പി സർക്കാർ. 2027ലെ അധ്യയന വർഷം മുതൽ ശ്യാമപ്രസാദ് മുഖർജിയുടെ ജീവിതവും സംഭാവനകളും സ്കൂളുകളുടെയും കോളജുകളുടെയും സർവകലാശാലകളുടെയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാറിന്റെ നിർദേശം.

ശ്യാമപ്രസാദ് മുഖർജിയുടെ 125ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് നടപടി. ഇതുസംബന്ധിച്ച് സെപ്റ്റംബർ 15ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. ശ്യാമപ്രസാദ് മുഖർജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ആർക്കൈവൽ രേഖകൾ ശേഖരിച്ച് സംരക്ഷിക്കാനും അകാദമിക് പരിപാടികളും അനുസ്മരണ പരിപാടികളും സംഘടിപ്പിക്കാനും സർക്കാർ നിർദേശത്തിൽ പറയുന്നു. സംസ്ഥാനത്തെ സ്കൂൾ, കോളജ് പ്രിൻസിപ്പൽമാർക്കും സർവകലാശാല രജിസ്ട്രാർമാർക്കുമാണ് നിർദേശം നൽകിയത്. ഇക്കാര്യത്തിൽ എത്രയും വേഗം നടപടി സ്വീകരിക്കാനും സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.

ഹയർ സെക്കൻഡറി സ്കൂളുകൾ, കോളജുകൾ, സർവകലാശാലകൾ എന്നിവയുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും മറ്റ് പ്രമുഖ ബംഗാൾ വ്യക്തിത്വങ്ങളെക്കുറിച്ചുള്ള അധ്യായങ്ങൾക്കൊപ്പം ശ്യാമപ്രസാദ് മുഖർജിയെ കുറിച്ചും പാഠപുസ്തകത്തിൽ ഒരു അധ്യായം ഉൾപ്പെടുത്തേണ്ടതുണ്ടെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ജഗന്നാഥ് ചതോപാധ്യായ പറഞ്ഞു. പശ്ചിമ ബംഗാളിന്റെ രൂപീകരണത്തിൽ ശ്യാമപ്രസാദ് മുഖർജിക്ക് പ്രധാന പങ്കുണ്ടായിരുന്നുവെന്ന അവകാശവാദവും വിദ്യാഭ്യാസ മന്ത്രി ഉന്നയിച്ചു. നേരത്തേ, ഇടതുപക്ഷ സ്വാധീനം കാരണം യുവതലമുറക്ക് ശ്യാമപ്രസാദ് മുഖർജിയുടെ സംഭാവനകൾ വേണ്ടത്ര പരിചിതമല്ലാതായെന്നും മന്ത്രി പറഞ്ഞു.

അതേസമയം, പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന ഉള്ളടക്കത്തിന്റെ അന്തിമ രൂപം സിലബസ് കമ്മിറ്റികളും അകാദമിക് വിദഗ്ധരും ചേർന്നായിരിക്കും തീരുമാനിക്കുകയെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബിനോദ് കുമാർ പറഞ്ഞു. 

നേരത്തേ, ശ്യാമ പ്രസാദ് മുഖർജിയുടെയും ഭാരത് സേവാശ്രമ സംഘത്തിന്റെ സ്ഥാപകനായ സ്വാമി പ്രണബാനന്ദയുടെയും ജീവിതവും സംഭാവനകളും പശ്ചിമ ബംഗാളിലെ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചിരുന്നു. ദേശീയ അധ്യാപകദിനത്തോടനുബന്ധിച്ച് കൊൽക്കത്തയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. പശ്ചിമ ബംഗാളിന്റെ രൂപീകരണത്തിലും ഇന്ത്യാ വിഭജനകാലത്തും കോടിക്കണക്കിന് ഹിന്ദുക്കളുടെ ജീവൻ രക്ഷിക്കുന്നതിലും ഈ രണ്ട് നേതാക്കൾ നിർണായക പങ്കുവഹിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

Tags:    
News Summary - West Bengal to Add Syama Prasad Mookerjee to School College Curricula from 2027

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.