മുൻ സൈനികനെയും മകളെയും വെട്ടിക്കൊന്ന് ബന്ധുക്കൾ; കൊലപാതകം പഞ്ചായത്ത് ഓഫിസിന് മുന്നിൽ

ബെലഗാവി: സ്വത്ത് തർക്കത്തെ തുടർന്ന് കർണാടകയിലെ ബെലഗാവിയിൽ മുൻ സൈനികനെയും മകളെയും ബന്ധുക്കൾ വെട്ടിക്കൊലപ്പെടുത്തി. മുൻ സൈനികനായ രുദ്രപ്പ കുന്ദരഗി (67), മകൾ ശശികല കുന്ദരഗി (26) എന്നിവരാണ് കൊല്ലപ്പെട്ടത്.

കിറ്റൂർ താലൂക്കിലെ ആവരാദി ഗ്രാമത്തിലെ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലാണ് ഇരുവരും ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ രുദ്രപ്പയുടെ കാർ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾക്കായി രുദ്രപ്പ പഞ്ചായത്ത് ഓഫിസിലെത്തിയപ്പോഴാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. കൃഷിഭൂമി പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് ഇയാളും സഹോദരന്മാരും തമ്മിൽ ദീർഘനാളായി തർക്കമുണ്ടായിരുന്നു. തനിക്ക് ലഭിച്ച ഭൂമിയുടെ ഭാഗം രുദ്രപ്പ വിറ്റതായും പിന്നീട് ശേഷിച്ച ഭൂമിയിലും വിഹിതം ആവശ്യപ്പെട്ടതായും പൊലീസ് പറയുന്നു. ഇതിനെ തുടർന്നാണ് സഹോദരങ്ങൾക്കിടയിലെ തർക്കം രൂക്ഷമായതെന്നാണ് പ്രാഥമിക വിവരം.

രുദ്രപ്പയുടെ സഹോദരങ്ങളായ ബസപ്പ കുന്ദരഗി, സംഗപ്പ കുന്ദരഗി, ബസപ്പയുടെ മകൻ മടിവാളപ്പ കുന്ദരഗി എന്നിവർ മൂർച്ചയേറിയ ആയുധങ്ങളുമായി ഇരുവരെയും ആക്രമിച്ചതായി പൊലീസ് പറഞ്ഞു. എൻജിനിയറായ മകൾ ശശികല പിതാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പ്രതികൾ അവരെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ രക്തം വാർന്ന് മരിച്ചു.

കിറ്റൂർ പൊലീസ്, സീൻ ഓഫ് ക്രൈം ഉദ്യോഗസ്ഥർ, ഫോറൻസിക് സയൻസ് ലബോറട്ടറി സംഘം എന്നിവർ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ബെലഗാവി പൊലീസ് സൂപ്രണ്ട് കെ. രാമരാജൻ സ്ഥലത്തെത്തി ലോക്കൽ ​പൊലീസിൽനിന്ന് വിവരങ്ങൾ തേടി.

ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നാലെ പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഇവരെ കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    
News Summary - Belagavi Horror ExSoldier and Daughter Hacked to Death Inside Gram Panchayat Office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.