എഫ്സിആർഎ ലംഘനം: അമേരിക്കൻ മിഷനറി സംഘത്തിനെതിരെ കേസ്
ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ച് 92.55 കോടി രൂപ മിഷനറി പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചതിന് മിഷനറി സംഘത്തിനെതിരെ സി.ബി.ഐ കേസെടുത്തു. അമേരിക്ക ആസ്ഥാനമായുള്ള ‘ദി തിമോത്തി ഇനിഷ്യേറ്റീവ്’ എന്ന ക്രിസ്ത്യൻ മിഷനറി ഗ്രൂപ്പിനും അതിന്റെ നടത്തിപ്പുകാർക്കുമെതിരെയാണ് കേസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പരാതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. വിഷയത്തിൽ തിമോത്തി ഇനിഷ്യേറ്റീവിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
2024 ജനുവരി മുതൽ 2026 മാർച്ച് വരെയുള്ള കാലത്ത് കർണാടക, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് എഫ്.സി.ആർ.എ നിയമം ലംഘിച്ച് അമേരിക്കയിലെ ട്രൂയിസ്റ്റ് ബാങ്ക് നൽകിയ വിദേശ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് 44 കോടി രൂപ പിൻവലിച്ചതായി ഇ.ഡി അന്വേഷണത്തിൽ വ്യക്തമായെന്ന് ആഭ്യന്തര മന്ത്രാലയം പരാതിയിൽ പറയുന്നു. തിമോത്തി ഇനിഷ്യേറ്റീവിന് പുറമെ ജോനാഥൻ എസ്. രാജൻ, ഫിനാൻസ് ഹെഡ് അജിത് വർഗീസ് മത്തായി, മീഖാ മാർക്ക്, ഉദ്യോഗസ്ഥരായ വർഗീസ് ചാക്കോ, സുപ്രീം ജോയ്, ബാബ്ലു കുർമി എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
എ.ടി.എമ്മുകളിൽ നിന്ന് പിൻവലിച്ച പണം ഇന്ത്യയിലുടനീളമുള്ള തിമോത്തി ഇനിഷ്യേറ്റീവിന്റെ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിച്ചത്. തിമോത്തി ഇനിഷ്യേറ്റീവിന്റെ സാമ്പത്തിക ഇടപാടുകളിലെ പ്രധാനിയായ മീഖാ മാർക്കിനെ ബംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ട്രൂയിസ്റ്റ് ബാങ്കിന്റെ 24 വിദേശ ഡെബിറ്റ് കാർഡുകളുമായി ഏപ്രിൽ 18ന് ഇ.ഡി തടഞ്ഞുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.