അറസ്റ്റിലായ ബംഗ്ലാദേശി പൗരന്മാർ
മംഗളൂരു: സാധുവായ രേഖകളില്ലാതെ ഇന്ത്യയിൽ താമസിച്ചതിന് എട്ട് ബംഗ്ലാദേശി പൗരന്മാരെ സൂറത്കൽ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് മുഖ്താർ അലി (36), മുഹമ്മദ് റാക്കിബുർ ഹുസൈൻ (44), മുഹമ്മദ് അസ്ഹറുൽ ഇസ്‌ലാം (36), മുഹമ്മദ് സായിദ് ഹുസൻ (18), മുഹമ്മദ് ബിലാൽ ഹുസൈൻ (36), മുഹമ്മദ് ഹസിബുൾ ഹസൻ ഷാൻറോ (37), മുഹമ്മദ് സമീവുൾ ഹസൻ (23), മുഹമ്മദ് സൈഫൂർ റഹ്മാൻ (32) എന്നിവരാണ് അറസ്റ്റിലായത്.
മൂന്ന് മാസം മുമ്പ് ബംഗ്ലാദേശിൽ നിന്ന് പശ്ചിമ ബംഗാളിലെ മുർഷിദാബാദ് വഴിയാണ് ഇവർ അനധികൃതമായി ഇന്ത്യയിലേക്ക് കടന്നതെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു.
ഇന്ത്യൻ പൗരന്മാരുടെ ആധാർ കാർഡുകളുടെ കളർ ഫോട്ടോകോപ്പികൾ ഉപയോഗിച്ച് യഥാർഥ ഫോട്ടോകൾ മാറ്റി പകരം സ്വന്തം ഫോട്ടോകൾ ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയത്. രണ്ട് മാസമായി മുക്കയിലെ ശ്രീനിവാസ ആശുപത്രി കെട്ടിട പദ്ധതിയിൽ നിർമാണ തൊഴിലാളികളായി ഇവർ ജോലി ചെയ്തിരുന്നതായി റിപ്പോർട്ടുണ്ട്.
മുക്കയിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽ അനധികൃത കുടിയേറ്റക്കാരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സൂറത്ത്കൽ പൊലീസ് സബ് ഇൻസ്പെക്ടർ രഘു നായിക്കും സംഘവും സ്ഥലത്ത് റെയ്ഡ് നടത്തി. രണ്ട് നിർമാണ സ്ഥലങ്ങൾക്ക് സമീപമുള്ള താൽക്കാലിക ഷെൽട്ടറുകളിൽ താമസിച്ചിരുന്ന 54 ഓളം തൊഴിലാളികളെ പൊലീസ് പരിശോധിച്ചു.
എട്ട് പേരിൽ നിന്ന് ബംഗ്ലാദേശിൽ നൽകിയ തിരിച്ചറിയൽ കാർഡുകൾ കണ്ടെടുത്തതായും തുടർന്ന് അവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് കൊണ്ടുവന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വഴി ഇക്കാര്യം ഫോറിനേഴ്‌സ് റീജനൽ രജിസ്ട്രേഷൻ ഓഫിസിൽ റിപ്പോർട്ട് ചെയ്തു.
മുർഷിദാബാദിൽ തയാറാക്കിയ ആധാർ കാർഡുകൾ കാണിച്ചാണ് പ്രതികൾ തൊഴിൽ നേടിയതെന്ന് കമീഷണർ റെഡ്ഡി പറഞ്ഞു. വ്യാജ തിരിച്ചറിയൽ രേഖകൾ തയാറാക്കിയതിൽ കരാറുകാർക്ക് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു തെളിവും അന്വേഷണത്തിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശ പൗരന്മാർ ഉൾപ്പെട്ട നിയമവിരുദ്ധ കേസുകളിൽ, നിയമനടപടികൾ പൂർത്തിയാക്കിയതിനുശേഷം മാത്രമേ സാധാരണയായി നാടുകടത്തൽ നടത്തുകയുള്ളൂവെന്ന് റെഡ്ഢി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.