കാണാതായ ദമ്പതികൾ

സ്വിറ്റ്സർലൻഡിലേക്ക് വിനോദയാത്ര പോയ ഹൈദരാബാദ് ദമ്പതികളെ കാണാനില്ല; നിക്ഷേപകരിൽ നിന്ന് കോടികൾ തട്ടിയെന്ന് ആരോപണം, അന്വേഷണം ശക്തമാക്കി പൊലീസ്

ഹൈദരാബാദ്: സ്വിറ്റ്സർലൻഡിലേക്ക് വിനോദയാത്രക്ക് പോയ ഹൈദരാബാദിൽനിന്നുള്ള ദമ്പതികളെ കാണാനില്ല. ചെർലപ്പള്ളി സ്വദേശികളായ പബ്ബ ചന്ദ്രശേഖർ (51), ഭാര്യ സ്വപ്ന (42) എന്നിവരാണ് ജൂൺ 22ന് സ്വിറ്റ്സർലൻഡിലേക്ക് യാത്ര തിരിച്ചത്. യാത്രയുടെ തുടക്കത്തിൽ കുടുംബവുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നു. എന്നാൽ ജൂലൈ എട്ടു മുതൽ യാതൊരു വിവരവും ലഭിക്കാതായതിനെ തുടർന്ന് മകൾ ശ്രേയ പൊലീസിൽ പരാതി നൽകുകയായിരുന്നു.

മൂന്ന് ആഴ്ചയിലേറെയായി മാതാപിതാക്കളെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയുന്നില്ലെന്ന് മകളുടെ പരാതിയിൽ പറയുന്നു. ഇരുവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫായ നിലയിലാണ്. തുടർന്ന് ചെർലപ്പള്ളി പൊലീസ് മിസ്സിങ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ, ദമ്പതികളെ കാണാതായെന്ന വിവരം പുറത്തുവന്നതോടെ ഇരുവരും യാത്രക്ക് മുമ്പ് നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് രൂപ ചിട്ടി ഫണ്ടിന്റെ പേരിൽ സമാഹരിച്ചെന്ന ആരോപണവും ഉയർന്നു. ഇതോടെ മിസ്സിങ് കേസെന്ന നിലയിൽ അന്വേഷണം ആരംഭിച്ച പൊലീസ് സാമ്പത്തിക തട്ടിപ്പ് ആരോപണത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.

അന്വേഷണത്തിനിടെ ചന്ദ്രശേഖറും ഭാര്യയും വർഷങ്ങളായി ചിട്ടി ഫണ്ടും ധനകാര്യ സ്ഥാപനവും നടത്തി നിരവധി പേരിൽ നിന്ന് കോടിക്കണക്കിന് രൂപ നിക്ഷേപമായി സ്വീകരിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയതായാണ് വിവരം. ഉയർന്ന പലിശയും മികച്ച വരുമാനവും വാഗ്ദാനം ചെയ്താണ് പണം സമാഹരിച്ചതെന്നാണ് നിക്ഷേപകരുടെ പരാതി. ചില നിക്ഷേപകർ പറയുന്നതനുസരിച്ച്, 70ലധികം പേരിൽ നിന്ന് കോടിക്കണക്കിന് രൂപ ഇവർ സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഈ തുകയുടെ കൃത്യമായ കണക്ക് പൊലീസ് പരിശോധിച്ചുവരികയാണ്.

ദമ്പതികളെ കാണാനില്ലെന്ന വിവരം പുറത്തുവന്നതോടെ നിരവധി നിക്ഷേപകർ ഇവരുടെ വീട്ടിനുമുമ്പിൽ തടിച്ചുകൂടി. ഇവർക്കെതിരെ ഉടൻ സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്യണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അതേസമയം, ദമ്പതികൾ യഥാർഥത്തിൽ സ്വിറ്റ്സർലൻഡിൽ എത്തിയിട്ടുണ്ടോ, അവിടെ നിന്ന് മറ്റെവിടേക്കെങ്കിലും പോയിട്ടുണ്ടോ, അല്ലെങ്കിൽ മുൻകൂട്ടി ആസൂത്രണം ചെയ്താണ് രാജ്യം വിട്ടതോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി യാത്രാ രേഖകൾ, ഇമിഗ്രേഷൻ വിവരങ്ങൾ, ബാങ്ക് ഇടപാടുകൾ, സാമ്പത്തിക രേഖകൾ എന്നിവ പരിശോധിച്ചുവരികയാണ്. ആവശ്യമെങ്കിൽ സ്വിസ് അധികൃതരുടെയും ഇന്ത്യൻ എംബസിയുടെയും സഹായം തേടുമെന്നും പൊലീസ് അറിയിച്ചു. പൊലീസ് അന്വേഷണം തുടരുകയാണെന്നും സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ ലഭിച്ചാൽ അതനുസരിച്ച് അധിക വകുപ്പുകൾ ചുമത്തി നടപടിയെടുക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Tags:    
News Summary - Hyderabad Couple Goes Missing In Switzerland

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.