ആയുഷി, നീരജ് ശർമ

അമ്മയെ കൊന്ന കേസിൽ നിയമവിദ്യാർഥിനി അറസ്റ്റിൽ; അച്ഛന്റെ മരണത്തിലും ദുരൂഹതയെന്ന് കുടുംബം

ജയ്പൂർ: അമ്മയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയെന്ന കേസിൽ രാജസ്ഥാനിലെ ജയ്പൂരിലെ നിയമ വിദ്യാർഥിനി അറസ്റ്റിൽ. എൽ.എൽ.ബി അവസാന വർഷ വിദ്യാർഥിനിയായ ആയുഷി ശർമയാണ് അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ അച്ഛന്റെയും മരണത്തിൽ വിദ്യാർഥിനിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി.

കഴിഞ്ഞ വർഷം മരിച്ച പിതാവിന്റെ മരണത്തിന് പിന്നിൽ മകളായ ആയുഷി തന്നെയാണെന്ന് സംശയിക്കുന്നതായി അമ്മാവൻ പൊലീസിൽ പരാതി നൽകി. ഇതോടെ ഈ ​ആരോപണത്തിലും പൊലീസ് അന്വേഷണം തുടങ്ങി.

ജയ്പൂരിലെ കോടതി ജീവനക്കാരിയായിരുന്നു ആയുഷിയുടെ അമ്മയായ നീരജ് ശർമ്മ. ജൂലൈ മൂന്നിനുണ്ടായ എസ്‌.യു.വി അപകടത്തിൽ നീരജ് മരിച്ചിരുന്നു. ഇളയ മകനെ കോച്ചിങ് സെന്ററിൽ ഇറക്കിയ ശേഷം തിരികെ വരുമ്പോൾ നീരജ് ശർമ്മയെ അമിതവേഗതയിൽ വന്ന സ്കോർപിയോ കാർ ഇടിക്കുകയായിരുന്നു. ആദ്യം അപകട മരണമാണെന്ന് കരുതിയിരുന്നുവെങ്കിലും അന്വേഷണത്തിൽ ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

ആയുഷി ബന്ധുവായ ബൽറാമിന്റെ സഹായത്തോടെ ഏഴ് ലക്ഷം രൂപക്ക് ക്വട്ടേഷൻ സംഘത്തിനെ ഏർപ്പെടുത്തി അമ്മയെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൊലപാതകം പിന്നീട് അപകടമാണെന്ന് വരുത്തിതീർക്കാനും ഇവർ ശ്രമിച്ചു. അമ്മയുടെ മരണശേഷം ആശ്രിത നിയമനത്തിലൂടെ സർക്കാർ ജോലി നേടാനും കുടുംബസ്വത്ത് കൈവശപ്പെടുത്താനുമാണ് ആയുഷി അമ്മയെ കൊന്നതെന്ന് പൊലീസ് പറഞ്ഞു.

കേസിൽ ആയുഷിയടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാടക കൊലയാളികളായ ഹേമന്ത്, ആകാശ്, മോഹിത്, അരവിന്ദ്, രോഹിത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബൽറാമിന് വേണ്ടി പൊലീസ് തിരച്ചിൽ തുടരുകയാണ്. ഇയാൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. നീരജ് ശർമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ബൽറാമിനും ബൽറാമിന്റെ പിതാവ് മോഹനും പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ആയുഷി മുമ്പ് അമ്മയെ ആക്രമിച്ചിരുന്നുവെന്നും കുറച്ചുനാളായി മോഹനും ബൽറാമിനുമൊപ്പമാണ് താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

ആയുഷിയുടെ അറസ്റ്റിന് പിന്നാലെ, പുതിയ ആരോപണവുമായി നീരജ് ശർമ്മയുടെ സഹോദരൻ രാകേഷ് ശർമ്മ രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ വർഷം മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പിതാവ് വിജയ് ശർമ്മയെ ആയുഷിയും ബൽറാമും കുടുംബാംഗങ്ങളെ അറിയിക്കാതെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെന്നും മൂന്ന് മാസത്തോളം ചികിത്സാ വിവരങ്ങൾ മറച്ചുവെച്ചെന്നും അദ്ദേഹം ആരോപിച്ചു. പിന്നീട് വീട്ടിലെത്തിച്ചപ്പോൾ വിജയ് ശർമ്മയുടെ ആരോഗ്യനില ഗുരുതരമായിരുന്നുവെന്നും നിരവധി അവയവങ്ങൾ പ്രവർത്തന രഹിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പിതാവിന്റെ ഫീഡിങ് ട്യൂബ് ആയുഷി നീക്കം ചെയ്തതാണ് മരണത്തിലേക്ക് നയിച്ചതെന്നും രാകേഷ് ശർമ്മ ആരോപിച്ചു. തുടർന്ന് വിജയ് ശർമ്മയുടെ മരണത്തിലും ദുരൂഹതയുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ് പൊലീസ്. നിലവിൽ കസ്റ്റഡിയിലുള്ള ആയുഷിയെ ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ആരോപണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

Tags:    
News Summary - Law Student Custody For Mothers Murder Uncle Alleges She Killed Father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.