എ.ടി.എം
ഭുവനേശ്വർ: ഒഡീഷയിലെ ബാലസോർ ജില്ലയിൽ സിനിമ സ്റ്റൈലിൽ എ.ടി.എം കവർച്ച. മഹീന്ദ്ര ഥാർ എസ്.യു.വി ഉപയോഗിച്ച് എ.ടി.എം മെഷീൻ കയറുകൊണ്ടു കെട്ടി വലിച്ചുപറിച്ചെടുക്കുകയും ശേഷം കടത്തി കൊണ്ടുപോകുകയുമായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് എ.ടി.എം പൊളിച്ച് സംഘം പണം കവർന്നു. കവർച്ചാ സംഘത്തെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയതായാണ് വിവരം. കവർച്ചയുടെ മുഴുവൻ ദൃശ്യങ്ങളും സമീപത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞു.
ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ ബാലസോർ ജില്ലയിലെ തുഡിഗാഡിയ ബസാർ പ്രദേശത്തെ എ.ടി.എം കിയോസ്കിലാണ് കവർച്ച നടന്നത്. പ്രാഥമിക അന്വേഷണത്തിൽ അഞ്ചിലധികം പേർ കറുത്ത നിറത്തിലുള്ള മഹീന്ദ്ര ഥാറിൽ സ്ഥലത്തെത്തിയതായി പൊലീസ് കണ്ടെത്തി. സംഘം ആദ്യം എ.ടി.എമ്മിൽ കയർ ബന്ധിപ്പിച്ച ശേഷം കിയോസ്കിന്റെ പ്രവേശനഭാഗം ബലമായി തുറന്ന് വാഹനം ഉപയോഗിച്ച് മെഷീൻ തറയിൽ നിന്ന് പറിച്ചെടുക്കുകയായിരുന്നു. തുടർന്ന് എ.ടി.എം എസ്.യു.വിക്ക് പിന്നിൽ കെട്ടിവലിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെവെച്ച് മെഷീൻ പൊളിച്ച് അതിലുണ്ടായിരുന്ന പണം കവർന്ന ശേഷം മെഷീൻ റോഡരികിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
പ്രതികൾ ഉപേക്ഷിച്ച എ.ടി.എം പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു. ശാസ്ത്രീയ തെളിവുകളും സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചതായി പൊലീസ് അറിയിച്ചു. എ.ടി.എമ്മിൽ എത്ര തുകയായിരുന്നു ഉണ്ടായിരുന്നതെന്ന് വ്യക്തമല്ല. നഷ്ടമായ പണം സംബന്ധിച്ച് ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് പരിശോധിച്ചുവരികയാണ് പൊലീസ് പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ വാഹനവും പ്രതികളെയും തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
അതേസമയം, പ്രദേശത്ത് സമീപ മാസങ്ങളിൽ മോഷണങ്ങളും കവർച്ചകളും വർധിച്ചതായി നാട്ടുകാർ ആരോപിച്ചു. രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.