ന്യൂഡൽഹി: വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങിയ കുടുംബത്തിലെ ആറ് പേരെ പൗരത്വ അവകാശവാദം സ്ഥിരീകരിക്കുന്നതുവരെ പാകിസ്താനിലേക്ക് നാടുകടത്തരുതെന്ന് സുപ്രീം കോടതി. കുടുംബാംഗങ്ങളുടെ പാസ്‌പോർട്ടുകൾ, ആധാർ കാർഡ്, പാൻ കാർഡ് തുടങ്ങിയ തിരിച്ചറിയൽ രേഖകളും മറ്റ് പ്രസക്തമായ രേഖകളും പരിശോധിക്കാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ. കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
അന്തിമ തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ ഇവര്‍ക്ക് ഹൈകോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
'ഈ കേസിലെ പ്രത്യേക വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്ത് ഉചിതമായ തീരുമാനം എടുക്കുന്നതുവരെ അധികാരികൾക്ക് നിർബന്ധിത നടപടി സ്വീകരിക്കാൻ കഴിയില്ല. അന്തിമ തീരുമാനത്തിൽ ഹരജിക്കാർക്ക് അതൃപ്തിയുണ്ടെങ്കിൽ അവർക്ക് ജമ്മു കശ്മീർ ഹൈകോടതിയെ സമീപിക്കാം. ഉത്തരവ് ഒരു കീഴ്വഴക്കമായി കണക്കാക്കരുത്.' ബെഞ്ച് പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പാകിസ്താനിലേക്ക് നാടുകടത്തല്‍ നേരിടുകയാണ് കശ്മീരില്‍ താമസിക്കുന്ന കുടുംബം. മാനുഷിക പരിഗണനയുള്ള വിഷയമാണിതെന്നാണ് കോടതിയുടെ നിരീക്ഷണം. സാധുവായ പാസ്‌പോര്‍ട്ടുകളും ആധാര്‍ കാര്‍ഡുകളും കുടുംബത്തിനുണ്ടെന്ന് ഇവര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എല്ലാ രേഖകളും പരിശോധിച്ച് എത്രയും വേഗം തീരുമാനമെടുക്കണമെന്നും ബെഞ്ച് അധികാരികളോട് നിര്‍ദേശിച്ചു.
1987ലാണ് ഈ കുടുംബം പാകിസ്താനില്‍ നിന്നും ഇന്ത്യയിലെത്തിയത്. രേഖകളുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ അവര്‍ക്കെതിരെ നടപടിയെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു.സാധുവായ ഇന്ത്യന്‍ രേഖകള്‍ ഉണ്ടായിരുന്നിട്ടും തങ്ങളെ കസ്റ്റഡിയിലെടുത്ത് പാകിസ്താനിലേയ്ക്ക് നാടുകടത്താന്‍ വാഗാ അതിര്‍ത്തിയിലേക്ക് കൊണ്ടുപോയെന്നാരോപിച്ച് കുടുംബം നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.