ന്യൂഡൽഹി: ആരാധനാലയങ്ങൾക്ക് 1947 ആഗസ്റ്റ് 15ലെ തൽസ്ഥിതി ചോദ്യം ചെയ്യുന്നത് വിലക്കുന്ന നിയമ വ്യവസ്ഥകൾക്കെതിരായ ഹരജികളിൽ അന്തിമവാദത്തിന് സുപ്രീംകോടതി തീരുമാനിച്ചു. ബാബരി മസ്ജിദിന് മേൽ അവകാശവാദം ഉന്നയിച്ച സാഹചര്യത്തിൽ ഭാവിയിൽ അത്തരം അവകാശവാദങ്ങളും സംഘർഷങ്ങളും തടയാൻ ലക്ഷ്യമിട്ട് 1991ൽ കൊണ്ടുവന്ന നിയമത്തിലെ വ്യവസ്ഥകളുടെ സാധുതയാണ് ചോദ്യം ചെയ്യുന്നത്.
പൊതുതാൽപര്യ ഹരജി സമർപ്പിച്ച അശ്വിനി ഉപാധ്യായക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദിയാണ് അന്തിമ വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്തും, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ എം. പഞ്ചോലി എന്നിവരും അടങ്ങുന്ന ബെഞ്ചിനോട് അഭ്യർഥിച്ചത്.
2022 ഒക്ടോബർ 31നുള്ളിൽ പ്രതികരണം സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ഇക്കാര്യത്തിൽ പ്രതികരണം ഇതുവരെ സമർപ്പിച്ചിട്ടില്ലെന്ന് അഭിഭാഷകൻ അറിയിച്ചു. മാർച്ച്-ഏപ്രിൽ മാസങ്ങളിലായി ഒമ്പതംഗ ബെഞ്ച് പരിഗണിക്കുന്ന രണ്ടു വിഷയങ്ങൾ ഉണ്ടെന്നും, അതിനു ശേഷം അന്തിമ വാദം കേൾക്കലിന് തീയതി നിശ്ചയിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ആരാധനാ സ്ഥലങ്ങളുമായി ബന്ധപ്പെട്ട 1991ലെ നിയമത്തിന്റെ 2, 3, 4 വകുപ്പുകൾ ആരാധനാ സ്ഥലം വീണ്ടെടുക്കുന്നതിന് കോടതിയിലൂടെ പ്രതിവിധി തേടാനുള്ള അവകാശം ഇല്ലാതാക്കുന്നതാണെന്നും, അതിനാൽ ആ വകുപ്പുകൾ റദ്ദാക്കണമെന്നുമാണ് അശ്വിനി ഉപാധ്യായയുടെ ഹരജിയിൽ പ്രധാനമായും ആവശ്യപ്പെടുന്നത്.
അതേസമയം, അജ്മീർ ദർഗ കേസിൽ ഉത്തരവ് പുറപ്പെടുവിക്കുന്നതിൽനിന്ന് രാജസ്ഥാനിലെ സിവിൽ കോടതിയെ വിലക്കണമെന്ന നിർദേശം പരിഗണിക്കാൻ വിസമ്മതിച്ച ചീഫ് ജസ്റ്റിസ് എ. സൂര്യകാന്ത്, ഉത്തരവ് പുറപ്പെടുവിച്ചാൽ അപ്പോൾ നോക്കാമെന്ന് പറഞ്ഞാണ് ആവശ്യം തള്ളിയത്.
പുതിയ നിർദേശം വരുന്നതു വരെ, പള്ളികളും ദർഗകളും ഉൾപ്പെടെ ആരാധനാ സ്ഥലങ്ങൾ വീണ്ടെടുക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ കേസുകൾ പരിഗണിക്കുന്നതിൽനിന്നും, ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ നൽകുന്നതിൽനിന്നും പരമോന്നത കോടതി 2024 ഡിസംബർ 12ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ രാജ്യത്തെ എല്ലാ കോടതികളെയും വിലക്കിയിട്ടുണ്ട്. സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് എല്ലാവർക്കും ബാധകമാണെന്നും അതിനു വിരുദ്ധമായി ആരെങ്കിലും ഉത്തരവ് പാസാക്കിയാൽ പരിശോധിക്കുമെന്നും അനന്തരഫലം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.