ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഭാവി ചർച്ച ചെയ്യാൻ ‘ഫുൾകോർട്ട്’ വിളിച്ചുചേർക്കണമെന്നാവശ്യപ്പെട്ട് കൊളീജിയം അംഗങ്ങളായ ജസ്റ്റിസുമാരായ രഞ്ജൻ ഗൊഗോയിയും മദൻ ബി. ലോകുറും ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് കത്തു നൽകി. സ്ഥാപനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സുപ്രീംകോടതിയുടെ ഭാവിയും ചർച്ചചെയ്യാനാണ് മുഴുവൻ ജഡ്ജിമാരെയും വിളിച്ചിരുത്തി ഫുൾകോർട്ട് വിളിക്കാൻ മുതിർന്ന രണ്ടു ജഡ്ജിമാർ കത്തിൽ ആവശ്യപ്പെട്ടത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ കുറ്റവിചാരണ ചെയ്യാനുള്ള നോട്ടീസ് രാജ്യസഭാ അധ്യക്ഷന് നൽകിയതിെൻറ രണ്ടാം ദിവസമാണ് ജഡ്ജിമാർ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയത്. െകാളീജിയം അംഗങ്ങളായ ജസ്റ്റിസുമാരായ ജെ. ചെലമേശ്വറും ജസ്റ്റിസ് കുര്യൻ ജോസഫും സമാനമായ രണ്ടു കത്തുകളെഴുതിയിട്ടും ചീഫ് ജസ്റ്റിസ് നടപടികളെടുക്കാത്ത സാഹചര്യത്തിലാണ് കൊളീജിയത്തിലെ മറ്റു രണ്ടു ജഡ്ജിമാർ കത്തെഴുതിയത്.കേവലം രണ്ടു വാചകങ്ങളുള്ള കത്താണ് ഇരുവരും ചേർന്ന് ചീഫ് ജസ്റ്റിസിന് എഴുതിയത്. ഞായറാഴ്ച ഇൗ കത്ത് ചീഫ് ജസ്റ്റിസ് കൈപ്പറ്റിയതിന് പിറകെയാണ് പ്രതിപക്ഷത്തിെൻറ കുറ്റവിചാരണ നോട്ടീസ് തിരക്കിട്ട് തിങ്കളാഴ്ച രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു തള്ളിയത്.
കോടതിയുടെ ഭാഗത്തുനിന്നുള്ള സ്ഥാപനപരമായ പ്രശ്നങ്ങളും സുപ്രീംകോടതിയുടെ ഭാവിയും ചർച്ചചെയ്യാൻ ഫുൾകോർട്ട് വിളിച്ചുചേർക്കണമെന്ന് കത്ത് ആവശ്യപ്പെടുന്നു. ഹൈകോടതിയിലേക്കും സുപ്രീംകോടതിയിലേക്കുമുള്ള ജഡ്ജിമാരുടെ നിയമനത്തിനായി കൊളീജിയം സമർപ്പിക്കുന്ന ശിപാർശകൾ ഒന്നും മോദി സർക്കാർ ഗൗനിക്കാത്ത സാഹചര്യത്തിൽ സുപ്രീംകോടതിയുടെ പ്രവർത്തന സ്വാതന്ത്യം ചർച്ചചെയ്യണമെന്നാണ് രണ്ടു ജഡ്ജിമാരും ഉദ്ദേശിക്കുന്നതെന്ന് അവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.
സുപ്രീംകോടതിയുടെ സ്വാതന്ത്ര്യവും വിശ്വാസ്യതയും തിരിച്ചുപിടിക്കാനുള്ള നടപടിക്ക് ചീഫ് ജസ്റ്റിസിനുമേൽ സമ്മർദം ചെലുത്തുകയാണ് ഇരു ജഡ്ജിമാരുടെയും ഉദ്ദേശ്യം. കോടതിയുമായി ബന്ധപ്പെട്ട അതിപ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ചചെയ്യാനാണ് സാധാരണ ഗതിയിൽ ചീഫ് ജസ്റ്റിസ് സുപ്രീംകോടതിയിലെ മുഴവൻ ജഡ്ജിമാരും പെങ്കടുക്കുന്ന ഫുൾകോർട്ട് യോഗം വിളിച്ചുചേർക്കുക.
ഹൈകോടതികളിലെ ജഡ്ജി നിയമനത്തിനുള്ള കൊളീജിയം ശിപാർശകളിൽ മോദി സർക്കാർ നടത്തുന്ന ഇടപെടൽ ചർച്ചചെയ്യാൻ ഫുൾകോർട്ട് ചേരണമെന്നാണ് ജസ്റ്റിസ് ചെലമേശ്വർ എഴുതിയ കത്തിൽ ആവശ്യപ്പെട്ടിരുന്നത്. കർണാടക ഹൈകോടതി ജഡ്ജി പി. കൃഷ്ണ ഭട്ടിെൻറ സ്ഥാനക്കയറ്റത്തിനുള്ള കൊളീജിയം ശിപാർശ നടപ്പാക്കുന്നതിനു പകരം അദ്ദേഹത്തിനെതിരെ അന്വേഷണം നടത്താൻ കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ട് മോദി സർക്കാർ കൊളീജിയവുമായി പരസ്യമായ ഏറ്റുമുട്ടൽ പ്രഖ്യാപിച്ച പശ്ചാത്തലത്തിലായിരുന്നു ഇൗ കത്ത്.
മലയാളിയായ ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസ് കെ.എം. ജോസഫിനെയും മുതിർന്ന അഭിഭാഷക ഇന്ദു മൽഹോത്രയെയും സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശിപാർശയും കേന്ദ്ര സർക്കാർ അംഗീകരിക്കാതിരുന്നപ്പോഴാണ് ജസ്റ്റിസ് കുര്യൻ ജോസഫ് കത്തെഴുതിയത്. കത്തിനുശേഷവും ഇന്ദു മൽഹോത്രയെ മാത്രം ജഡ്ജിയാക്കാനുള്ള നടപടിയുമായി മുന്നോട്ടുപോയ സർക്കാർ ജസ്റ്റിസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കില്ല എന്ന വാശിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.