ന്യൂഡൽഹി: ആർ.എസ്.എസിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ കാർട്ടൂൺ വരച്ച ഇന്ദോറിലെ കാർട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യക്ക് അറസ്റ്റിൽനിന്നുള്ള സംരക്ഷണം അനുവദിച്ച് സുപ്രീംകോടതി. സമൂഹമാധ്യമങ്ങളിൽ അധിക്ഷേപകരങ്ങളായ പോസ്റ്റുകൾ കൂടി വരുന്നതിൽ അസംതൃപ്തി പ്രകടിപ്പിച്ച സുപ്രീംകോടതി, ഈ വിഷയം കൈകാര്യം ചെയ്യാൻ ജുഡീഷ്യൽ ഉത്തരവ് വേണ്ടി വരുമെന്ന് വ്യക്തമാക്കി.
വിഷയത്തിൽ മാളവ്യ മാപ്പുപറഞ്ഞ കാര്യം അഭിഭാഷക വൃന്ദ ഗ്രോവർ അറിയിച്ചു. ഇതും മധ്യപ്രദേശിലെ കേസും കണക്കിലെടുത്താണ് ജസ്റ്റിസുമാരായ സുധാംശു ധൂലിയ, അരവിന്ദ് കുമാർ എന്നിവരുടെ ബെഞ്ച് തീരുമാനമെടുത്തത്. വീണ്ടും പ്രകോപനപരമായ പോസ്റ്റുകളുണ്ടായാൽ സംസ്ഥാനത്തിന് നിയമപരമായി നീങ്ങാൻ അധികാരമുണ്ടാകുമെന്ന് കോടതി ഓർമിപ്പിച്ചു.
ഇതു മോശം ഭാഷയുടെ മാത്രം വിഷയമാണെന്നും കാർട്ടൂണിസ്റ്റ് ക്രിമിനൽ സ്വഭാവമുള്ളതോ, നിയമവിരുദ്ധമോ ആയ ഭാഷാശൈലി സ്വീകരിച്ചിട്ടില്ലെന്നും ഗ്രോവർ പറഞ്ഞു. കാർട്ടൂണിസ്റ്റ് നടത്തിയത് വ്യക്തമായ നിയമലംഘനമാണെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
ആർ.എസ്.എസ് യൂനിഫോം ധരിച്ച ഒരാൾ തന്റെ വസ്ത്രം താഴ്ത്തി മോദിയുടെ കുത്തിവെപ്പ് എടുക്കാനായി കുനിഞ്ഞുകൊടുക്കുന്ന കാർട്ടൂണിനെയാണ് സുപ്രീംകോടതി വിമർശിച്ചത്. കൊറോണ കാലത്ത് പോസ്റ്റ് ചെയ്ത കാർട്ടൂൺ ഈയിടെ വീണ്ടും പങ്കുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.