‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ വിവാദം: സമയ് റെയ്‌നക്കും മറ്റ് നാലുപേർക്കുമെതിരായ എല്ലാ കേസുകളും റദ്ദാക്കി സുപ്രീംകോടതി

ന്യൂഡൽഹി: പ്രശസ്ത സ്റ്റാൻഡ് അപ് കോമേഡിയൻ സമയ് റെയ്‌നയുടെ യൂട്യൂബ് ഷോയായ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ പരിപാടിയുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി റദ്ദാക്കി. ഭിന്നശേഷിക്കാരെയും അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ചവരെയും കുറിച്ച് ആക്ഷേപ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ സമയ് റെയ്‌ന, യൂട്യൂബർ രൺവീർ അല്ലാബാഡിയ, മറ്റ് മൂന്ന് പേർക്കുമെതിരെ രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആറുകളാണ് വെള്ളിയാഴ്ച സുപ്രീംകോടതി റദ്ദാക്കിയത്.

2025 ഫെബ്രുവരിയിൽ ഇന്ത്യാസ് ഗോട്ട് ലാറ്റന്റിൽ അതിഥിയായി എത്തിയ രൺവീർ അല്ലാബാഡിയ മാതാപിതാക്കളെയും ലൈംഗികതയെയും ഉൾപ്പെടുത്തി അശ്ലീല പരാമർശം നടത്തിയതാണ് കേസി​ന് ആധാരം. പരിപാടിയിൽ ഭിന്നശേഷിക്കാരെക്കുറിച്ചും അപൂർവ ജനിതക രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരെക്കുറിച്ചും നടത്തിയ പരാമർശങ്ങൾക്കെതിരെ വിവിധ സ്ഥലങ്ങളിൽ പരാതികളും എഫ്‌.ഐ.ആറുകളും രജിസ്റ്റർ ചെയ്തിരുന്നു.

ഭിന്നശേഷിക്കാരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട സംഘടന നൽകിയ ഹരജിയിലാണ് വിഷയം സുപ്രീംകോടതിയിലെത്തിയത്. തുടർന്ന് കേസിന്റെ ആദ്യ ഘട്ടത്തിൽ സുപ്രീംകോടതി സമയ് റെയ്‌നയോടും മറ്റുള്ളവ​രോടും നിബന്ധനകളില്ലാത്ത മാപ്പ് പരസ്യമായി പറയാൻ നിർദേശിച്ചു. യൂട്യൂബ് ചാനലുകൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ മാപ്പ് പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

വിവാദത്തിന് പിന്നാലെ സമയ് റെയ്‌നയും മറ്റുള്ളവരും പരസ്യമായി ഖേദം പ്രകടിപ്പിച്ചു. പരിപാടി മൂലം ഭിന്നശേഷിക്കാർക്ക് വേദനയുണ്ടായതിൽ ഖേദിക്കുന്നുവെന്നും ഭാവിയിൽ ഇത്തരം വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുമെന്നും സമയ് റെയ്‌ന വ്യക്തമാക്കിയിരുന്നു.

കേസിന്റെ തുടർ നടപടികൾക്കിടെ സുപ്രീംകോടതി സമയ് റെയ്‌നക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. കോടതിയുടെ മുൻ നിർദേശങ്ങൾ പൂർണമായി പാലിച്ചില്ലെന്നായിരുന്നു ആരോപണം. ഭിന്നശേഷിക്കാരുടെ വിജയകഥകൾ അവതരിപ്പിക്കുകയും അവർക്കായി സഹായം സമാഹരിക്കുകയും ചെയ്യണമെന്ന കോടതി നിർദേശവും കേസിന്റെ ഭാഗമായിരുന്നു. 2026 ജൂലൈയിലും കോടതി സമയ് റെയ്‌നയുടെ നടപടികളിൽ അതൃപ്തി രേഖപ്പെടുത്തി. കോടതി നിർദേശങ്ങൾ അവഗണിച്ചതായി ചൂണ്ടിക്കാട്ടി അദ്ദേഹത്തിനെതിരെ പിഴ ചുമത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Tags:    
News Summary - SC Cancels FIRs Against Samay Raina Over YouTube Show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.