കോൺഗ്രസിന്റെ എസ്.ഐ.ആർ വിരുദ്ധ റാലിക്ക് ഡൽഹി പൊലീസിന്റെ അനുമതി; നവംബർ ഒന്നിന് രാംലീല മൈതാനത്ത്
ന്യൂഡൽഹി : വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരായ (എസ്.ഐ.ആർ) പ്രതിഷേധത്തിന്റെ ഭാഗമായി നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനത്ത് റാലി നടത്താൻ കോൺഗ്രസിന് ഡൽഹി പൊലീസിന്റെ അനുമതി. റാലിക്ക് പൊലീസ് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) അനുവദിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ശനിയാഴ്ച അറിയിച്ചു.
മൈതാനം ഒക്ടോബർ 25 മുതൽ നവംബർ മൂന്ന് വരെ ലഭ്യമാകുമെന്ന് ഡൽഹി മുനിസിപ്പൽ കോർപറേഷൻ അറിയിച്ചതിനെത്തുടർന്നാണ് കോൺഗ്രസ് അനുമതി തേടിയത്. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുകയും സംഘാടകരുമായി ചർച്ച നടത്തുകയും ചെയ്ത ശേഷമാണ് എൻ.ഒ.സി അനുവദിച്ചതെന്ന് സെൻട്രൽ ഡൽഹി ഡെപ്യൂട്ടി പൊലീസ് കമീഷണർ രോഹിത് രാജ്ബീർ സിങ് പറഞ്ഞു. അനുമതി സർട്ടിഫിക്കറ്റ് മുനിസിപ്പൽ കോർപറേഷന് കൈമാറിയ ശേഷമായിരിക്കും റാലിയുടെ ഒരുക്കങ്ങൾ ആരംഭിക്കുക. റാലി സുഗമമായി നടത്തുന്നതിനായി സംഘാടകർ, ട്രാഫിക് പൊലീസ്, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവരുമായി ഏകോപനം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സെപ്റ്റംബർ 30നാണ് ഇൻഡ്യ സഖ്യം സംയുക്ത പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകിയത്. റാലികൾക്കും മാർച്ചുകൾക്കും പുറമെ, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്ക് (ഇ.വി.എം) പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും പ്രതിപക്ഷം മുന്നോട്ടുവെച്ചിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്.
ജന്തർ മന്തറിനെ പ്രതിഷേധങ്ങൾക്കുള്ള ഔദ്യോഗിക വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഡൽഹിയിൽ പ്രതിഷേധങ്ങൾക്കായി രാംലീല മൈതാനം, ബുരാരി മൈതാനം, സി.ബി.ഡി ഗ്രൗണ്ട് എന്നിവയാണ് നിശ്ചയിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.