ഭരണമാറ്റം ആവശ്യപ്പെടുന്നത് ജനങ്ങൾ; രാജ്നാഥ് സിങ്ങിന് മറുപടിയുമായി കപിൽ സിബൽ

ന്യൂഡൽഹി: ബംഗ്ലാദേശ് മാതൃകയിൽ ഭരണമാറ്റം ആവശ്യപ്പെടുന്ന കോൺഗ്രസും സഖ്യകക്ഷികളും യുവാക്കളുടെ ഊർജം ഉപയോഗിച്ച് അരാജകത്വം പടർത്തുകയാണെന്ന കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങിന്റെ ആരോപണത്തിന് മറുപടിയുമായി രാജ്യസഭ എം.പിയായ കപിൽ സിബൽ. ഭരണമാറ്റം ആവശ്യപ്പെടുന്നത് ജനങ്ങളാണെന്നും ഈ സർക്കാറിന് പോകാൻ സമയമായെന്നും സിബൽ പറഞ്ഞു. ‘അഴിമതിക്കെതിരെ ഇന്ത്യ എന്ന മുദ്രാവാക്യത്തോടെയുള്ള പ്രതിഷേധങ്ങളാണ് നിങ്ങളെ അധികാരത്തിലെത്തിച്ചത്. പിന്നീട് അഴിമതിയെ ചേർത്തുപിടിച്ചു. ഭരണഘടന സ്ഥാപനങ്ങൾ കൈവശപ്പെടുത്തി. വോട്ടർ പട്ടികയിൽ കൃത്രിമം കാണിച്ചു. ഇനി പോകേണ്ട സമയമായി’ -അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര സെക്രട്ടേറിയറ്റിൽ സത്യഗ്രഹം പ്രഖ്യാപിച്ച്  തുഷാർ ഗാന്ധി

മുംബൈ: മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നവംബർ ഒന്നിന് മഹാരാഷ്ട്ര സെക്രട്ടേറിയറ്റിൽ ഒറ്റക്ക് സത്യഗ്രഹം പ്രഖ്യാപിച്ച് ഗാന്ധിയുടെ പൗത്രൻ തുഷാർ ഗാന്ധി. എക്സിലൂടെയാണ് പ്രഖ്യാപനം. നവംബർ ഒന്നിന് വൈകീട്ട് നാലിന് മുംബൈ നഗരസഭ ആസ്ഥാനത്തെ ഫെർസൊഷാ മേത്തയുടെ പ്രതിമക്ക് അടുത്തുനിന്ന് തുടങ്ങി ഹുതാത്മാ ചൗക് വഴി, ത്രിവർണ പതാകയും ഭരണഘടനയുടെ കോപ്പിയുമേന്തി കാൽനടയായി സെക്രട്ടേറിയറ്റിൽ എത്തുമെന്നും അംബേദ്കറുടെയും നെഹ്റുവിന്റെയും പ്രതിമകളിൽ ഉപചാരമർപ്പിച്ച ശേഷം ഗാന്ധി പ്രതിമക്കുകീഴെ സത്യഗ്രഹം നടത്തുമെന്നും അദ്ദേഹം കുറിച്ചു.

സർക്കാറിനെതിരെ സമരം ചെയ്യുമ്പോൾ സർക്കാർ ഉള്ളിടത്തുചെന്നാണ് സമരം ചെയ്യേണ്ടതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. സി.ജെ.പിക്ക് ഐക്യദാർഢ്യവുമായി കഴിഞ്ഞ 10ന് ആഗസ്ത്ക്രാന്തി മൈതാനത്ത് റാലി പ്രഖ്യാപിച്ച തുഷാർ ഗാന്ധിയെ റാലിക്കു മുമ്പെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും കേസെടുത്ത് പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.

മാനനഷ്‍ടക്കേസിൽ ധ്രുവ് റാഠിക്ക് എതിരെ വാറണ്ട്

ന്യൂഡൽഹി: യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ 2018ലെ മാനനഷ്‍ടക്കേസിൽ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി. ബി.ജെ.പിയുടെ ഐ.ടി സെൽ അംഗം വികാസ് പാണ്ഡെ ഫയൽ ചെയ്ത കേസിലാണ് നടപടി. യൂട്യൂബ് ചാനലിൽ ധ്രുവ് റാഠി അപ്‍ലോഡ് ചെയ്ത വിഡിയോ തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നായിരുന്നു ആരോപണം. തുടർന്നുള്ള നടപടികൾ കോടതി ഒക്‌ടോബർ 31ന് പരിഗണിക്കും.

ആസ്ട്രിയയിൽ താമസിക്കുന്ന ധ്രുവ് രാഠി, കോക്ക്റോച്ച് ജനത പാർട്ടിയുടെ (സി.ജെ.പി) ഡൽഹിയിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയിട്ടുണ്ടെന്ന് പാണ്ഡെക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ സമക്ഷ് ശർമ കോടതിയെ അറിയിച്ചു.

Tags:    
News Summary - People want regime change, Sibal hits back at Rajnath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.