ദേവ: ‘ഗാന’യെ തമിഴ് സിനിമയുടെ മുഖ്യധാരയിലെത്തിച്ച സംഗീതജ്ഞൻ; ഓർമയായി ‘തേനിസൈ തെൻട്രൽ’
ചെന്നൈ: തമിഴ് ചലച്ചിത്രസംഗീതലോകത്ത് തനതായ ഈണങ്ങളിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ സംഗീതസംവിധായകനായ ദേവയുടെ വിടവാങ്ങൽ അപ്രതീക്ഷിതം. ‘തേനിസൈ തെൻട്രൽ’ എന്ന വിശേഷണത്തിൽ അറിയപ്പെട്ടിരുന്ന ദേവ, ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. നാല് പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി 450ലേറെ സിനിമകൾക്ക് സംഗീതം നൽകി.
1950 നവംബർ 20ന് തേനി പെരുമ്പാറയിൽ എം.സി ചെല്ലയ്യ-മറിയദാസ് ദമ്പതികളുടെ മകനായി ജനിച്ച ദേവനേശൻ ചെല്ലയ്യ എന്ന ദേവക്ക് ചെറുപ്പംമുതലേ സംഗീതത്തോട് വലിയ താൽപര്യമായിരുന്നു. തിരുച്ചി സെന്റ് ജോസഫ്സ് കോളജിൽ ബിരുദ പഠനം. നാടകസംഘങ്ങളുമായി ബന്ധപ്പെട്ട് സംഗീതരംഗത്ത് പ്രവർത്തിച്ച അദ്ദേഹം, ഹാർമോണിയവും പിയാനോയും അഭ്യസിച്ചു.
സംഗീതസംവിധായകൻ ചന്ദ്രബോസിനൊപ്പം സംഗീതസംഘം രൂപീകരിച്ചായിരുന്നു തുടക്കം. ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് സിനിമയിൽ സ്വന്തമായ ഇടം കണ്ടെത്തിയത്. 1986ൽ പുറത്തിറങ്ങിയ ‘മാട്ടുക്കാര മന്നാരു’ ആണ് ആദ്യ ചിത്രം. 1989ലെ ‘മനസ്സുക്കേത്ത മഹാരാസ’യും 1990-ലെ ‘വൈഗാസി പൊറന്താച്ചു’വും ദേവയുടെ കാരിയറിൽ മുന്നേറ്റത്തിന് കാരണമായി. ‘വൈഗാസി പൊറന്താച്ചു’വിലെ സംഗീതത്തിന് തമിഴ്നാട് സർക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരവും ലഭിച്ചു.
രജനീകാന്ത് നായകനായ ‘അണ്ണാമലൈ’, ‘ബാഷ’, ‘അരുണാചലം’ എന്നീ ചിത്രങ്ങളിലെ സംഗീതം ദേവയെ ജനപ്രിയ സംഗീതസംവിധായകരുടെ നിരയിലെ മുൻനിരയിലെത്തിച്ചു. ‘ആസൈ’, ‘കാതൽ കോട്ടൈ’, ‘നേരുക്ക് നേർ’, ‘നിനൈത്തേൻ വന്തായ്’, ‘പ്രിയമുടൻ’, ‘വാലി’, ‘ഖുഷി’ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളും വൻ ജനപ്രീതി നേടി. തമിഴിൽ മാത്രം 340ലധികം സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ചു.
1995 വർഷത്തിൽ മാത്രം 36 സിനിമകൾക്കാണ് സംഗീതം ചെയ്തത്. വടക്കൻ ചെന്നൈയിലെ തെരുവുകളിൽ പ്രചാരത്തിലുണ്ടായിരുന്ന ‘ഗാന’ സംഗീതശൈലിയെ തമിഴ് സിനിമയുടെ മുഖ്യധാരയിലേക്ക് എത്തിച്ചതാണ് ദേവയുടെ ഏറ്റവും വലിയ സംഭാവനകളിലൊന്ന്.
നാടൻ താളങ്ങളും ചടുലമായ ഈണങ്ങളും പ്രണയഗാനങ്ങളും ഭക്തിഗാനങ്ങളും ഒരുപോലെ കൈകാര്യം ചെയ്ത അദ്ദേഹം, വ്യത്യസ്ത സംഗീതശൈലികളിലൂടെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. മലയാളത്തിലും ദേവയുടെ സംഗീതം ശ്രദ്ധിക്കപ്പെട്ടു. ‘ദി പ്രിൻസ്’, ‘ഫാന്റം’ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയ അദ്ദേഹം, ‘ഫാന്റ’ത്തിലെ ‘വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ’ എന്ന ഗാനത്തിലൂടെ മലയാളി ആസ്വാദകരുടെയും ശ്രദ്ധ നേടി.
സിംഗപ്പൂർ പ്രസിഡന്റിനും പ്രിയപ്പെട്ട സംഗീതം
ദേവയുടെ സംഗീതത്തിന് അതിർത്തികൾക്കപ്പുറവും ആരാധകരുണ്ടായിരുന്നു. സിംഗപ്പൂർ മുൻ പ്രസിഡന്റ് എസ്.ആർ. നാഥന് ദേവയുടെ ഗാനങ്ങളോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. തന്റെ മരണാനന്തര ചടങ്ങിൽ ദേവ ഈണമിട്ട ‘തഞ്ചാവൂർ മണ്ണെടുത്ത്...’ എന്ന ഗാനം കേൾക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഇതനുസരിച്ച് 2016ൽ നാഥൻ അന്തരിച്ചപ്പോൾ സിംഗപ്പൂർ ഭരണകൂടത്തിന്റെ ഔദ്യോഗിക അന്ത്യാഞ്ജലി ചടങ്ങിൽ ഈ ഗാനം ആലപിക്കപ്പെട്ടു.
തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ദേവയെ തേടിയെത്തി. സംഗീതപാരമ്പര്യം മകൻ ശ്രീകാന്ത് ദേവയിലൂടെയും കുടുംബത്തിലെ മറ്റു സംഗീതപ്രതിഭകളിലൂടെയും തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.