സൗരവിനെയും അശുതോഷിനെയും ഇന്ന് വിട്ടയച്ചില്ലെങ്കിൽ നിയമ നടപടിയെന്ന് സി.ജെ.പി; അഴികൾക്കുള്ളിൽ നിർത്താൻ ബോധപൂർവ ശ്രമം
ന്യൂഡൽഹി: ജന്തർ മന്തർ പ്രതിഷേധത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്ത സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നീ സഹ കൺവീനർമാരെ ഇന്ന് മോചിപ്പിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി അവസാനിക്കുന്ന ഘട്ടത്തിലാണ് പാർട്ടിയുടെ മുന്നറിയിപ്പ്. ഇതിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ദാസിനെയും റാങ്കയെയും "അഴികൾക്കുള്ളിൽ" തന്നെ നിർത്താൻ ഭരണകൂടം മനപ്പൂർവ്വം നീക്കം നടത്തുകയാണെന്നും സി.ജെ.പി ആരോപിച്ചു.
തിരംഗ മാർച്ചിന് മുന്നോടിയായി കസ്റ്റഡിയിലെടുത്ത അഭിജിത് ദീപ്കെയ്ക്ക് ശനിയാഴ്ച ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മറ്റുള്ളവരുടെ മോചനത്തിനായി പാർട്ടി നിയമനടപടിക്കൊരുങ്ങുന്നത്. ഒരു വർഷത്തേക്ക് തന്റെ ഭാഗത്തുനിന്ന് ക്രമസമാധാന ലംഘനം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ദീപ്കെയുടെ ജാമ്യവ്യവസ്ഥകളിലെ പ്രധാന ഉപാധി.
വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെ രാത്രി മുഴുവൻ കസ്റ്റഡിയിൽ വെച്ച ശേഷം ശനിയാഴ്ച രാവിലെയായിരുന്നു വിട്ടയച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങളിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നുവെന്നും മറ്റ് രണ്ട് കമ്മീഷണർമാരുടെ വിയോജിപ്പുകൾ പരിഗണിച്ചില്ലെന്നുമുള്ള റിപ്പോർട്ട് പുറത്തുവന്നതോടെ രാജ്യവ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. ഗ്യാനേഷ് കുമാർ രാജിവെക്കുക, എസ്.ഐ.ആർ പ്രക്രിയ നിർത്തിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
‘സഹോദരങ്ങൾ സ്വതന്ത്രരാകാൻ കാത്തിരിക്കുന്നു’
വെള്ളിയാഴ്ച മോചിതനായതിനു പിന്നാലെ, ദാസിന്റെയും റാങ്കയുടെയും ചിത്രം പങ്കുവെച്ചുകൊണ്ട് "എന്റെ സഹോദരങ്ങൾ സ്വതന്ത്രരാകാൻ കാത്തിരിക്കുന്നു" എന്ന് ദീപ്കെ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. പ്രതിഷേധ സ്ഥല പദവി റദ്ദാക്കിയ ജന്തർ മന്തറിലെ ഗേറ്റ് ചാടിക്കടന്ന് ദേശീയ പതാക പ്രദർശിപ്പിച്ചതിനെ തുടർന്ന് ചൊവ്വാഴ്ചയാണ് സി.ജെ.പിയുടെ സഹ കൺവീനർമാർ അറസ്റ്റിലായത്.
സി.ജെ.പി ദേശീയ സംഘടനാ ചുമതലയുള്ള അജിങ്ക്യ ഷിൻഡെയെയും മറ്റ് 11 പേരെയും മോചിപ്പിച്ചെങ്കിലും ദാസിനും റാങ്കയ്ക്കും എതിരെ മുൻകരുതൽ നടപടിയെടുക്കുകയും അഞ്ചുദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയുമായിരുന്നു. ഉച്ചയ്ക്ക് 2 മണിക്ക് നടക്കേണ്ട വിചാരണയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥൻ വൈകുന്നേരം 6 മണിക്ക് എത്തിയതുകൊണ്ടാണ് ദാസിനും റാങ്കയ്ക്കും പുറത്തുവരാൻ കഴിയാതിരുന്നത് എന്ന് സി.ജെ.പിയുടെ ലീഗൽ അഫയേഴ്സ് മേധാവി രത്ന സിങ് എക്സിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.