ചെന്നൈ: കൊലക്കേസിൽനിന്ന് രക്ഷപ്പെടാൻ കോടികൾ വാരി വിതറിയ ‘ശരവണഭവൻ ഹോട്ടൽ’ ശൃ ംഖല ഉടമ പി. രാജഗോപാലിന് ഒടുവിൽ കാരാഗ്രഹവാസം ഉറപ്പായി. കേസിൽ പ്രതിചേർക്കപ്പെ ട്ടതോടെ നിയമത്തിെൻറ പഴുതുകളിലൂടെ വിചാരണ പരമാവധി നീട്ടി കൊണ്ടുപോവുകയായിരു ന്നു. 18 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 72കാരനായ രാജഗോപാൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചിട്ടും ജയിലിലേക്ക് പോകുന്നത് ഒഴിവാക്കാൻ പരമോന്നത കോടതിയിൽ അവസാനശ്രമം നടത്തി പരാജയപ്പെടുകയായിരുന്നു.
ചെന്നൈ അശോക്നഗറിലെ വസതിയിൽ താമസിച്ചിരുന്ന രാജഗോപാൽ കഴിഞ്ഞദിവസം മാത്രമാണ് കോടതിയുടെ കണ്ണിൽപൊടിയിടാൻ തിരുച്ചെന്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി അഡ്മിറ്റായത്. ‘ഒരു ദിവസം പോലും ജയിലിൽ കിടക്കില്ലെന്ന വാശിയിലാണോയെന്ന് ചൊവ്വാഴ്ച രാജഗോപാലിെൻറ അഭിഭാഷകരോട് സുപ്രീംകോടതി ആരാഞ്ഞതും ഇൗ സാഹചര്യത്തിലാണ്.
ചെന്നൈ ശരവണഭവൻ ശാഖയിലെ മാനേജരായ രാമസാമിയുടെ മകൾ ജീവജ്യോതിയെ സ്വന്തമാക്കാനുള്ള രാജഗോപാലിെൻറ മോഹമാണ് വിനാശകാലത്തിന് തുടക്കമായത്. രണ്ട് വിവാഹം കഴിച്ച രാജഗോപാലിനെ വിവാഹം കഴിക്കാൻ പേക്ഷ, ജീവജ്യോതി തയാറായിരുന്നില്ല.
’99ൽ ജീവജ്യോതി പ്രിൻസ് ശാന്തകുമാറിനെ വിവാഹം കഴിച്ചു. എന്നിട്ടും രാജഗോപാൽ അടങ്ങിയില്ല. ഇവരുടെ ദാമ്പത്യബന്ധം വേർപ്പെടുത്താൻ പലവിധത്തിലുള്ള ശ്രമങ്ങളും നടത്തി പരാജയപ്പെട്ടു. ഒടുവിൽ ശാന്തകുമാറിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ശാന്തകുമാറിനെ കൊടൈക്കനാലിലേക്ക് കടത്തിക്കൊണ്ടുപോയി കൊന്ന് വനഭാഗത്ത് കുഴിച്ചുമൂടി. ജ്യോതിഷത്തിൽ അന്ധമായ വിശ്വാസമാണ് രാജഗോപാലിനുണ്ടായിരുന്നത്. 80കളിൽ ചെന്നൈ കെ.കെ.നഗറിൽ സ്റ്റേഷനറി-പലചരക്ക് കട നടത്തിയിരുന്ന രാജഗോപാൽ ജ്യോത്സ്യെൻറ ഉപദേശപ്രകാരമാണ് ഹോട്ടൽ ബിസിനസിലേക്ക് മാറിയത്. രാജ്യത്തിനകത്തും പുറത്തും ‘ശരവണഭവൻ ഹോട്ടൽ’ ശൃംഖല പടർന്നുപന്തലിച്ചു.
ജീവജ്യോതിയെ വിവാഹം കഴിച്ചാൽ ജീവിതത്തിൽ െഎശ്വര്യമുണ്ടാവുമെന്ന ജ്യോതിഷിയുടെ പ്രവചനം സാധ്യമാക്കാനുള്ള നീക്കങ്ങളാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്. രാജഗോപാലിെൻറ പലവിധത്തിലുള്ള പ്രലോഭനങ്ങളിലും ജീവജ്യോതി വീണില്ല. നീണ്ട നിയമപോരാട്ടം നടത്തിയ ജീവജ്യോതിയുടെ നിശ്ചയദാർഢ്യത്തിന് മുന്നിലാണ് വാർധക്യത്തിലും രാജഗോപാൽ കാരാഗ്രഹത്തിലേക്ക് നയിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.