ന്യൂഡൽഹി: നിരോധിത സംഘടനയായ സിമിയുടെ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സാക്വിബ് നാച്ചൻ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ അന്തരിച്ചു. എൻ.ഐ.എ കേസിൽ കുറ്റാരോപിതനായി തിഹാർ ജയിലിലായിരുന്നു അദ്ദേഹം. തീവ്രവാദ ബന്ധമാരോപിച്ച് ദീർഘകാലം ജയിലിലടക്കപ്പെട്ട ശേഷം ജയിൽ മോചിതനായ നാച്ചനെ അടുത്തിടെ ഐസിസ് ബന്ധം ആരോപിച്ച് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വെച്ചാണ് 62 വയസായ ഇദ്ദേഹം അന്തരിച്ചത്.
2023 ഡിസംബറിൽ മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ പഡ്ഗയിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത നാച്ചനെ ഡൽഹിയിലെ തിഹാർ ജയിലിലേക്ക് മാറ്റിയിരുന്നു. കസ്റ്റഡിയിൽ തുടരുന്നതിനിടെ ഇക്കഴിഞ്ഞ ജൂൺ 22 ന് തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെത്തുടർന്ന് ചികിത്സയ്ക്കായി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്നു കൂടുതൽ വിദഗ്ധ ചികിത്സാ സഹായത്തിനായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയതായും ശനിയാഴ്ച രാവിലെ മരണം സ്ഥിരീകരിച്ചതായും അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മുംബൈയിലെ പഡ്ഗയിലേക്ക് കൊണ്ട് പോവുമെന്ന് നാച്ചന്റെ കുടുംബം അറിയിച്ചു. മുംബൈയിൽ നിന്ന് ഏകദേശം 53 കിലോമീറ്റർ വടക്ക് സ്ഥിതി ചെയ്യുന്ന ബോറിവലി പഡ്ഗ എന്ന ഗ്രാമത്തിലാണ് ഇദ്ദേഹം ജനിച്ചത്. പ്രദേശത്തെ പ്രമുഖ സമുദായ നേതാവായ അബ്ദുൾ ഹമീദ് നാച്ചന്റെ മൂന്നാമത്തെ മകനാണ്. കൊമേഴ്സ് ബിരുദധാരിയായ നാച്ചൻ, ജമാഅത്തെ ഇസ്ലാമി ഹിന്ദിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചത്.
1980 കളുടെ തുടക്കത്തിൽ ഇസ്ലാമിക വിദ്യാർഥി യുവജന സംഘടനയായ സിമിയുടെ ഭാഗമായി. മഹാരാഷ്ട്ര സംസ്ഥാന പ്രസിഡന്റായും, ദേശീയ ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. 1992 ൽ മുംബൈ ബാന്ദ്ര മൈതാനിയിൽ 10,000ത്തിലേറെ പേർ പങ്കെടുത്ത ഇഖ്ദാമെ ഉമ്മത്ത് മുസ്ലിം മുന്നേറ്റ സമ്മേളനത്തിന്റെ സംഘാടനത്തിൽ നിർണായക പങ്ക് വഹിച്ചു. ജയിൽ മോചിതനായ ശേഷം ബോറിവലിയിലെ പഡ്ഗയിലെ വീട്ടിൽ അദ്ദേഹം താമസിച്ചു വരുന്നതിനിടെയാണ് ഐ.എസ് ബന്ധം ആരോപിച്ച് 2023 ഡിസംബറിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സാക്വിബ് നാച്ചനെയും മകൻ ശാമിലിനെയും വീണ്ടും അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.