ന്യൂഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്ന രാജ്യസഭാ എം.പി സന്ദീപ് പഥക്കിനെതിരെ രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പഞ്ചാബ് പൊലീസ്. രണ്ട് എഫ്.ഐ.ആറിലും ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസ് ശനിയാഴ്ച രാവിലെ ഡൽഹിയിലെത്തി. പൊലീസ് എത്തുന്നതിന് മുമ്പുതന്നെ പഥക് തന്റെ വീടിന്റെ പിൻവാതിലിലുടെ പുറത്തിറങ്ങിയതായി പറയുന്നു. പഥകിനെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് വിവരം.
പഥകിന്റെ ഔദ്യോഗിക വസതിയുടെ പുറത്ത് സുരക്ഷ വർധിപ്പിച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. അദ്ദേഹം പിൻവാതിലിലൂടെ വീടിന് പുറത്തിറങ്ങുന്നതും കാറിൽ ഇരിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ഏപ്രിൽ 30ന് പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോർഡ് (പി.പി.സി.ബി) ധൗള ആസ്ഥാനമായുള്ള ട്രൈഡന്റ് ഗ്രൂപ്പിന്റെ യൂണിറ്റിൽ നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് സംഭവം. പഥകിനൊപ്പം എ.എ.പി വിട്ട് ബി.ജെ.പിയിൽചേർന്ന രാജ്യസഭാ എം.പി രജീന്ദർ ഗുപ്ത കമ്പനിയുടെ എമെറിറ്റസ് ചെയർമാനാണ്. കേസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
രാഘവ് ചദ്ദ ഉൾപ്പെടെ ഏഴ് രാജ്യസഭാ എം.പിമാരാണ് ആപ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് പഥകിനെതിരായ നടപടി. പഞ്ചാബ് പൊലീസിന്റെ നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് പഞ്ചാബ് ബി.ജെ.പി വർക്കിങ് പ്രസിഡന്റ് അശ്വനി ശർമ്മ പ്രതികരിച്ചു. രാജ്യസഭാ എം.പി സന്ദീപ് പഥക് ആപ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ഉടൻ തന്നെ പഞ്ചാബിൽ അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. കെജ്‌രിവാളും ഭഗവന്ത് മാനും പൊലീസിനെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.