സാംസങ് ഫാക്ടറിയിലെ തൊഴിലാളി സമരം വിജയം; 18,000 രൂപ വരെ വേതന വർധനവിന് മാനേജ്മെന്‍റ് സമ്മതിച്ചു

ചെന്നൈ: തമിഴ്നാട് ശ്രീപെരുമ്പുത്തൂരിലെ സംസങ് ഫാക്ടറിയിലെ തൊഴിലാളി സമരം വിജയിച്ചു. തമിഴ്നാട് സെക്രട്ടറിയേറ്റിൽ തൊഴിൽവകുപ്പ് മന്ത്രി സി.വി. ഗണേശന്‍റെ സാന്നിധ്യത്തിൽ സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ (എസ്.ഐ.ഡബ്ല്യു.യു) നേതാക്കളും സാംസങ് മാനേജ്മെന്‍റ് പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. ജീവനക്കാർക്ക് മൂന്നുവർഷം കൊണ്ട് 18,000 രൂപ വരെ വേതനവർധനവും ജോലി പരിചയത്തിനനുസരിച്ച് 4000 രൂപ ഇൻസെന്‍റീവായും അനുവദിക്കാമെന്ന് സാംസങ് മാനേജ്മെന്‍റ് സമ്മതിക്കുകയായിരുന്നു.

ധാരണപ്രകാരം ജീവനക്കാർക്ക് 2025-26 വർഷത്തിൽ 9000 രൂപയും, തുടർന്നുള്ള രണ്ട് വർഷത്തിൽ 4500 രൂപ വീതവും വേതനവർധനവ് ലഭിക്കുമെന്ന് തൊഴിൽമന്ത്രി സി.വി. ഗണേശൻ മാധ്യമങ്ങളോട് പറഞ്ഞു. ആറ് വർഷം സർവിസിലുണ്ടായിട്ടും പ്രമോഷൻ ലഭിക്കാത്ത ജീവനക്കാർക്ക് ഒറ്റത്തവണ സ്പെഷൽ പ്രമോഷൻ നൽകും. ഇൻഷുറന്‍സ് പരിരക്ഷയും ലീവ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കും.

സാംസങ് ഫാക്ടറിയിലെ തൊഴിലാളി യൂണിയൻ നേതാക്കൾ ഉൾപ്പെടെ 23 പേരെ ഫെബ്രുവരിയിൽ മാനേജ്മെന്‍റ് സസ്പെൻഡ് ചെയ്തിരുന്നു. ഏപ്രിലിൽ രണ്ടുപേരെയും സസ്പെൻഡ് ചെയ്തു. ഈ 25 ജീവനക്കാര്‍ക്കുനേരെ മാനേജ്മെന്‍റ് സ്വീകരിച്ച അച്ചടക്കനടപടി പിന്‍വലിക്കുന്നതിലും തുടര്‍നടപടികളുണ്ടാകും.

സി.ഐ.ടി.യു പിന്തുണയോടെയുള്ള സാംസങ് ഇന്ത്യ വർക്കേഴ്സ് യൂണിയൻ മാനേജ്മെന്‍റിനു മുന്നിൽ വിവിധ ആവശ്യങ്ങളുയർത്തി 30ഓളം തവണ ചർച്ച നടത്തിയിരുന്നു. തൊഴിലാളി സമരം തീരുമാനമാകാതെ തുടരുന്ന പശ്ചാത്തലത്തിലാണ് തമിഴ്നാട് സർക്കാർ ചർച്ചകൾക്ക് മുൻകൈയെടുത്തത്.

നേരത്തെ, തൊഴിലാളി യൂനിയനെ അംഗീകരിക്കാൻ സാംസങ് മാനേജ്മെന്‍റ് തയാറായിരുന്നില്ല. ഇതിനെതിരെ തൊഴിലാളികൾ ശക്തമായ സമരം നടത്തിയിരുന്നു. 38 ദിവസത്തോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ തൊഴിലാളികളുടെ ആവശ്യം സാംസങ്ങിന് അംഗീകരിക്കേണ്ടിവന്നു. പിന്നീട്, 212 ദിവസത്തെ നിയമപോരാട്ടത്തിന് ശേഷമാണ് സി.ഐ.ടി.യു പിന്തുണയുള്ള സാംസങ് ഇന്ത്യ വർക്കേഴ്സ് യൂനിയന് കഴിഞ്ഞ വർഷം തമിഴ്‌നാട് തൊഴിൽ വകുപ്പ് രജിസ്ട്രേഷൻ നൽകിയത്.

Tags:    
News Summary - Samsung-union talks come to end, workers to get Rs 18K wage revision in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.