ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് കമീഷനുമെതിരെ വീണ്ടും രാഹുൽ; വോട്ടുകൊള്ള തട്ടിപ്പ് ചത്തീസ്ഗഡിലും മധ്യപ്രദേശിലും നടന്നു, തെളിവുകൾ പുറത്തുവിടും

ന്യൂഡൽഹി: വോട്ടുകൊള്ള ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ മാത്രം നടന്ന ഒറ്റപ്പെട്ട തട്ടിപ്പല്ലെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശിലെയും ചത്തീസ്ഗഡിലെയും തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കാൻ ബി.ജെ.പി ഇതേ മാർഗം അവലംബിച്ചിരുന്നു​​വെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. മധ്യപ്രദേശിലെ പനർപനിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ.

മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ചത്തീസ്ഗഡിലും ഹരിയാനക്ക് സമാനമായി ബി.ജെ.പി വോട്ടുകൊള്ള നടത്തിയിട്ടുണ്ട്. വളരെ കുറച്ചുകാര്യങ്ങൾ മാത്രമാണ് ഇതിനകം വെളിപ്പെടുത്തിയത്. തെളിവുകൾ ഓരോന്നായി പുറത്തുവിടുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വോട്ട് കൊള്ളയെ സ്ഥാപനവൽക്കരിക്കാനാണ് നിലവിൽ ശ്രമം നടക്കുന്നത്. ഭരണഘടനയും ജനാധിപത്യവും ആക്രമിക്കപ്പെടുന്നു. പ്രധാനമന്ത്രി ​നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെയും​ കാർമികത്വത്തിലാണ് ഇത് നടക്കുന്നതെന്നും രാഹുൽ പറഞ്ഞു.

ഒരു സംസ്ഥാനം തന്നെ തട്ടിയെടുത്ത ഏറ്റവും വലിയ വോട്ട് കൊള്ളക്കാണ് ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചതെന്ന് ബുധനാഴ്ച രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ ​ആരോപിച്ചിരുന്നു. 19 ലക്ഷത്തിലധികം ബൾക് വോട്ടുകളാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. 93,000ത്തിൽ ഏറെ തെറ്റായ വിവരങ്ങളും കണ്ടെത്തിയെന്നും രാഹുൽ പറഞ്ഞു. 3.5 ലക്ഷം വോട്ടുകൾ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കി. അത് മുഴുവനും കോൺഗ്രസിന്റെയും ഇൻഡ്യ മുന്നണിയുടെയും വോട്ടുകളായിരുന്നു. ഹരിയാനയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള വോട്ടർമാരുടെ വീഡിയോ സന്ദേശം കൂടി അവതരിപ്പിച്ചുകൊണ്ട് രാഹുൽ വിശദീകരിച്ചിരുന്നു.

Tags:    
News Summary - Same method in MP, Chhattisgarh: Rahul Gandhi escalates vote theft charge; hits out at BJP, EC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.