നിങ്ങളുടെ സ്വത്തുക്കൾ മക്കൾക്ക് നൽകാതെ അവർ തട്ടിയെടുക്കും; കോൺഗ്രസിനെതിരെ വീണ്ടും മോദി

റായ്പുര്‍: യു.എസ് മാതൃകയിലുള്ള പാരമ്പര്യ സ്വത്തിന്മേലുള്ള നികുതി (ഇന്‍ഹെറിറ്റന്‍സ് ടാക്‌സ്) സംബന്ധിച്ച് സാം പിത്രോദ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ​ആഭ്യന്തരമന്ത്രി അമിത് ഷായും. എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പിത്രോദ അമേരിക്കയിലെ ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് നയത്തേക്കുറിച്ച് പരാമര്‍ശം നടത്തിയത്. ഒരാള്‍ മരിക്കുമ്പോള്‍ അയാളുടെ സമ്പത്തിന്റെ ഒരു ഭാഗം പിന്‍ഗാമികള്‍ക്കും മറ്റൊരു ഭാഗം സര്‍ക്കാരിലേക്കുമാണ് കൈമാറ്റം ചെയ്യപ്പെടുന്നതെന്നും അത് സമ്പത്തിന്‍റെ പുനര്‍വിതരണത്തിന് മാതൃകയാണെന്നുമായിരുന്നു പിത്രോദ പറഞ്ഞത്. കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്ത് മക്കൾക്ക് കൈമാറാൻ കോൺഗ്രസ് ജനങ്ങളെ അനുവദിക്കുന്നില്ലെന്ന് ഛത്തീസ്ഗഢിൽ നടന്ന റാലിക്കിടെ മോദി ആരോപിച്ചു. ഏറ്റവും ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തി സ്വന്തം പണപ്പെട്ടി നിറക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ഇടത്തരക്കാര്‍ക്കു മേല്‍ കൂടുതല്‍ നികുതി ഏര്‍പ്പെടുത്തണമെന്ന് രാജകുമാരന്റെയും രാജകുടുംബത്തിന്റെയും ഉപദേശകന്‍ കുറച്ചുകാലം മുന്‍പ് പറഞ്ഞിരുന്നുവെന്നും സാം പിത്രോദയെ പരോക്ഷമായി സൂചിപ്പിച്ച് മോദി പറഞ്ഞു.

'' കോണ്‍ഗ്രസ് പറയുന്നു പാരമ്പര്യ സ്വത്ത് നികുതി ഏര്‍പ്പെടുത്തുമെന്ന്. മാതാപിതാക്കളില്‍നിന്ന് കൈമാറിക്കിട്ടുന്ന പാരമ്പര്യസ്വത്തിന്മേല്‍ നികുതി ഏര്‍പ്പെടുത്തുമെന്നും. നിങ്ങള്‍ കഠിനാധ്വാനത്തിലൂടെ സ്വരുക്കൂട്ടുന്ന ധനം നിങ്ങളുടെ മക്കള്‍ക്ക് ലഭിക്കില്ല. പകരം, കോണ്‍ഗ്രസിന്റെ കരാളഹസ്തങ്ങള്‍ അത് നിങ്ങളില്‍നിന്ന് തട്ടിയെടുക്കും. കോണ്‍ഗ്രസിന്റെ അപകടകരമായ ഉദ്ദേശ്യമാണ് പിത്രോദയുടെ പരാമര്‍ശങ്ങളിലൂടെ പുറത്തെത്തിയത്.''- മോദി പറഞ്ഞു. ജീവിച്ചിരിക്കുമ്പോഴും മരിച്ചതിനു ശേഷവും ആളുകളെ കൊള്ളയടിക്കുക എന്ന ഒറ്റ മന്ത്രമേ കോൺഗ്രസിനുള്ളൂ. കോണ്‍ഗ്രസ് പാര്‍ട്ടി മുഴുവന്‍ പൈതൃകസ്വത്താണെന്ന് കരുതുകയും മക്കളിലേക്ക് കൈമാറുകയും ചെയ്യുന്നവര്‍ ഇന്ത്യക്കാര്‍ അവരുടെ മക്കള്‍ക്ക് സ്വത്ത് കൈമാറുന്നതിനെ എതിര്‍ക്കുകയാണെന്നും മോദി പറഞ്ഞു.

എന്നാൽ പാർട്ടി അങ്ങനെയൊരു നീക്കം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജൻ ഖാർഗെ മറുപടി നൽകി.

യു.എസിലെ ഇൻഹെറിറ്റൻസ് ടാക്സ് നയത്തേക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് വിഷയത്തിൽ കോൺഗ്രസിന്‍റെ നിലപാട് വിശദീകരിക്കുകയായിരുന്നു അഭിമുഖത്തിനിശട പിത്രോദ. ഇന്ത്യയില്‍ ഇത്തരം നയമില്ലെന്നും ധനികനായ ഒരാള്‍ മരിച്ചാല്‍ പണം മുഴുവന്‍ മക്കള്‍ക്കാണ് കിട്ടുകയെന്നും പൊതുജനത്തിന് യാതൊന്നും ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സമ്പത്തിന്‍റെ പുനർവിതരണത്തിന് ഇന്ത്യയ്ക്ക് പുതിയ നയവും പദ്ധതികളും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോൺഗ്രസിന്റെ നയമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് അമിത് ഷാ വിമർശിച്ചു. കോൺഗ്രസ് എന്താണെന്ന് പൂർണമായി തുറന്നുകാട്ടപ്പെട്ടു. ന്യൂനപക്ഷങ്ങൾക്ക് രാജ്യത്തിന്റെ വിഭവങ്ങളിൽ പ്രഥമ അവകാശമുണ്ടെന്നാണ് നേരത്തേ മുൻ പ്രധാനമന്ത്രി മൻമോഹൻസിങ് അഭിപ്രായപ്പെട്ടത്. അതിന് ബലം നൽകുന്നതാണ് സാം പിത്രോദയുടെ പരാമർശം-അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി ഈ വിഷയം ഉന്നയിച്ചപ്പോൾ, രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും കോൺഗ്രസ് പാർട്ടിയും പറഞ്ഞത് അതൊരിക്കലും തങ്ങളുടെ ലക്ഷ്യമല്ലെന്നാണ് പറഞ്ഞത്. എന്നാൽ സാം പിത്രോദയുടെ പ്രസ്താവനയോടെ കോൺഗ്രസിന്റെ മുഖം ഒന്നുകൂടി അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.


Tags:    
News Summary - Sam Pitroda's remark: PM Modi, Amit Shah attack Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.