ജയ്പൂർ: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുൻ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റും തമ്മിലുള്ള ഭിന്നത വീണ്ടും പുറത്ത്. സംസ്ഥാനത്ത് ഉടൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സർക്കാരിനെതിരെ പടപ്പുറപ്പാടുമായി സചിൻ രംഗത്തുവന്നത്.
ബി.ജെ.പി സർക്കാരിന്റെ അഴിമതിയെ കുറിച്ച് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഏപ്രിൽ 11ന് സർക്കാരിനെതിരെ ഉപവാസ സമരം നടത്താനാണ് സചിന്റെ തീരുമാനം. വസുന്ധര രാജെ സർക്കാരിന്റെ കാലത്തെ അഴിമതി ആരോപണങ്ങളെ കുറിച്ച് നടപടിയെടുക്കാൻ ഗെഹ്ലോട്ടിന് ഒരുപാട് തവണ അഭ്യർഥിച്ചു.
എന്നാൽ ഒരു മറുപടിയുമുണ്ടായില്ലെന്ന് സചിൻ വാർത്ത സമ്മേളനത്തിനിടെ കുറ്റപ്പെടുത്തി. പ്രതികാര രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നില്ലെന്നും എന്നാൽ ജനങ്ങളോടുള്ള പ്രതിബദ്ധത മൂലമാണ് മുൻ സർക്കാരിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ടതെന്നും സചിൻ വ്യക്തമാക്കി.
വാക്കും പ്രവർത്തിയും തമ്മിൽ അന്തരമില്ലെന്ന് കോൺഗ്രസ് ജനങ്ങൾക്ക് തെളിയിച്ചു കൊടുത്തതാണ്. 2022 മാർച്ചിലാണ് അഴിമതി സംബന്ധിച്ച് അന്വേഷണത്തിനായി ആദ്യമായി ഗെഹ്ലോട്ടിന് കത്തെഴുതിയത്. എന്നാൽ ഒരു മറുപടിയുമുണ്ടായില്ല. പിന്നീട് അതേ വർഷം നവംബറിൽ വീണ്ടും കത്തയച്ചുവെന്നും സചിൻ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിനു മുമ്പായി നടപടി വേണമെന്നാണ് തന്റെ ആവശ്യം. കേന്ദ്രസർക്കാർ ഇ.ഡി, സി.ബി.ഐ എന്നീ കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിൽ സ്വന്തം അന്വേഷണ ഏജൻസികളെ വേണ്ട രീതിയിൽ ഉപയോഗിക്കാതിരിക്കുകയാണ് രാജസ്ഥാൻ സർക്കാരെന്നും പൈലറ്റ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.