ന്യൂഡൽഹി: കോടിക്കണക്കിന് വരുന്ന വിശ്വാസിസമൂഹം നൂറ്റാണ്ടുകാലമായി പിന്തുടരുന്ന ആചാരം തെറ്റാണെന്ന് വിധിക്കാൻ കോടതിക്ക് എങ്ങനെ കഴിയുമെന്ന് ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.
യുവതീ പ്രവേശന വിലക്ക് തുടരണമെന്ന് ആഗ്രഹിക്കുന്നവരുടെ ഭാഗം കേൾക്കാതെ വിലക്ക് റദ്ദാക്കാൻ കഴിയുമോയെന്ന് ഒമ്പതംഗ ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എം.എം. സുന്ദരേശ് ആരാഞ്ഞു. മതപരമായ ആചാരങ്ങൾ നിയമനിർമാണത്തിലൂടെ മാറ്റാൻ പറ്റുന്നതല്ലെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി നിരീക്ഷിച്ചു.
യുവതികളുടെ പ്രവേശന വിലക്കിനെ പിന്തുണച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന് അഭിഷേക് മനു സിങ്വി വാദം തുടർന്നപ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം ഉണ്ടായത്. അവിശ്വാസികളുടെ ഹരജിയിലാണ് ശബരിമല യുവതീ പ്രവേശന വിധി ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് നാഗരത്ന, സാമൂഹിക ക്ഷേമത്തിന്റെയോ പരിഷ്കരണത്തിന്റെയോ പേരില്‍ മതത്തിന്റെ അന്തസ്സത്ത നിരാകരിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി.
ഭരണഘടനയുടെ 25(2) (ബി) വകുപ്പും 26(ബി) വകുപ്പും വ്യാഖ്യാനിക്കുമ്പോൾ പരസ്പര സന്തുലനം വേണം. 25ാം വകുപ്പ് ഓരോ വ്യക്തിക്കും മതസ്വാതന്ത്ര്യം അനുവദിക്കുമ്പോൾ, 26ാം വകുപ്പ് മതകാര്യങ്ങൾ നിയന്ത്രിക്കാൻ അതത് മതസ്ഥാപനങ്ങൾക്ക് അധികാരം നൽകുന്നതാണെന്നും സിങ്വി ചൂണ്ടിക്കാട്ടി. രാജ്യത്തെ ആയിരത്തിലധികം അയ്യപ്പ ക്ഷേത്രങ്ങളിൽ ശബരിമലയില്‍ മാത്രമാണ് യുവതീ പ്രവേശന വിലക്ക് ഉള്ളതെന്ന് ചൂണ്ടിക്കാട്ടിയ അഭിഭാഷകൻ ശബരിമലയിലെ അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും, നിലവിലെ ആചാരങ്ങളില്‍ ജുഡീഷ്യല്‍ ഇടപെടൽ പാടില്ലെന്നും വാദിച്ചു. ഏത് ആചാരമാണ് അനിവാര്യമെന്നും ഏതൊക്കെ ആചാരങ്ങൾ അനിവാര്യമല്ലെന്നും കോടതി തീരുമാനിക്കേണ്ട കാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.