കിയവിൽ ആക്രമണം ശക്തമാക്കി റഷ്യ: കുടിയിറക്കപ്പെട്ട യുക്രെയ്ൻ പൗരൻമാർക്ക് വീടുകൾ വാഗ്ദാനം ചെയ്ത് സെലെൻസ്‌കി

കിയവ്: യുക്രെയ്നിൽ യുദ്ധം 52-ാം ദിവസത്തേക്ക് കടന്നതോടെ കിയവിലും മറ്റ് പടിഞ്ഞാറൻ നഗരങ്ങളിലും ആക്രമണം ശക്തിപ്പെടുത്തി റഷ്യ. ശനിയാഴ്ച കിയവ്, ഖാർകിവ് എന്നിവിടങ്ങളിൽ നിരവധി വ്യോമാക്രമണങ്ങൾ നടന്നതായാണ് റിപ്പോർട്ട് .

യുദ്ധത്തിൽ വീട് നഷ്ടപ്പെട്ട യുക്രെയ്ൻ പൗരൻമാർക്ക് വീട് വെച്ചുനൽകുമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളാദിമിർ സെലൻസ്കി പ്രഖ്യാപിച്ചു. ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്കും രാജ്യത്തെ സംരക്ഷിക്കുന്നവർക്കും താൽക്കാലിക ഭവനം നൽകാനുള്ള പദ്ധതികൾ സെലെൻസ്‌കി പ്രഖ്യാപിച്ചു.

അതിർത്തി പ്രദേശമായ ബ്രയാൻസ്കിൽ യുക്രെയ്ൻ വ്യോമാക്രമണം നടത്തിയെന്ന് റഷ്യൻ അധികൃതർ ആരോപിക്കുകയും തുടർന്ന് തലസ്ഥാന നഗരമായ കിയവിലും മറ്റ് പടിഞ്ഞാറൻ നഗരങ്ങളിലും റഷ്യ ആക്രമണം ശക്തമാക്കുകയുമായിരുന്നു. സൈനിക കേന്ദ്രങ്ങൾ മാത്രമാണ് ലക്ഷ്യമിടുന്നതെന്ന് മോസ്കോ അവകാശപ്പെട്ടെങ്കിലും സാക്ഷികൾ അത് നിഷേധിച്ചു.

തലസ്ഥാന നഗരമായ കിയവിൽ വീണ്ടും ആക്രമണം ശക്തമായതോടെ പൗരൻമാർ ഇവിടേക്ക് മടങ്ങി വരുന്നത് നിർത്തണമെന്ന് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ അഭ്യർഥിച്ചു. യുക്രെയ്ൻ തലസ്ഥാനത്തെ ഒരു കവചിത വാഹന പ്ലാന്റാണ് ലക്ഷ്യമാക്കിയതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞെങ്കിലും തലസ്ഥാനത്തെ ഡാർനിറ്റ്‌സ്‌കി ജില്ലയിൽ വ്യോമാക്രമണം നടന്നതായി റിപ്പോർട്ടുണ്ട്.

അതേസമയം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും മറ്റ് ഉദ്യോഗസ്ഥരും റഷ്യയിലേക്ക് പ്രവേശിക്കുന്നത് വിലക്കി കൊണ്ട് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കി. ബ്രിട്ടീഷ് ഗവൺമെന്‍റ് റഷ്യക്ക് മേൽ ഏർപ്പെടുത്തിയിട്ടുള്ള ഉപരോധത്തിന് മറുപടിയായാണ് ഈ തീരുമാനം.

ഏകദേശം 2,500 മുതൽ 3,000 വരെ യുക്രെയ്ൻ സൈനികർ യുദ്ധത്തിൽ മരിച്ചെന്നും 10,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് യുക്രെയ്ൻ അധികൃതർ പുറത്ത് വിട്ട കണക്ക്. ഏകദേശം 700 യുക്രെയ്ൻ സൈനികരെയും 1,000ലധികം സാധാരണക്കാരെയും റഷ്യൻ സൈന്യം ബന്ദികളാക്കിയതായും കണക്കിൽ പറയുന്നു.

Tags:    
News Summary - Russia intensifies attacks on Kyiv; Zelenskyy promises homes to displaced Ukrainians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.