ആർ.എസ്.എസ് നിരോധിക്കപ്പെട്ടത് മൂന്നുതവണ; കാരണങ്ങളിതാണ്...

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) നിരോധനത്തിന് പിന്നാലെ ആർ.എസ്.എസിനെയും നിരോധിക്കണമെന്ന ആവശ്യവുമായി കോൺഗ്രസിലെ ഒരു വിഭാഗവും ലാലു പ്രസാദ് യാദവ് അടക്കമുള്ള രാഷ്ട്രീയ നേതാക്കളുമെല്ലാം രംഗത്തെത്തിയിരിക്കുകയാണ്. ഇതിന് മുമ്പ് മൂന്നുതവണ നിരോധിക്കപ്പെട്ട സംഘടയാണ് ആർ.എസ്.എസ്.

1925ൽ കോൺഗ്രസ് അംഗമായ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറാണ് സംഘടന രൂപവത്കരിച്ചത്. ഒരു 'സാംസ്‌കാരിക' സംഘടനയാണെന്ന് അവകാശപ്പെടുന്ന ആർ.എസ്.എസ് 1948, 1975, 1992 വർഷങ്ങളിലാണ് നിരോധിക്കപ്പെട്ടത്.

മഹാത്മാഗാന്ധിയുടെ കൊലപാതകത്തെ തുടർന്നായിരുന്നു ആദ്യ നിരോധനം. 1948 ഫെബ്രുവരി നാലിന് സർദാർ വല്ലഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. "നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്ന വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ശക്തികളെ വേരോടെ പിഴുതെറിയാനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുകയും രാജ്യത്തിന്റെ സൽപേരിന് കളങ്കമുണ്ടാക്കുകയും ചെയ്തതിനുമാണ് ആർ.എസ്.എസിനെ നിരോധിക്കുന്നത്. അനഭിലഷണീയവും അപകടകരവുമായ പ്രവർത്തനങ്ങൾ സംഘാംഗങ്ങൾ നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആർ.എസ്.എസ് അംഗങ്ങൾ തീവെപ്പ്, കവർച്ച, കൊള്ള, കൊലപാതകം എന്നിവ ഉൾപ്പെടുന്ന അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അനധികൃത ആയുധങ്ങളും വെടിക്കോപ്പുകളും ശേഖരിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്''.

ഡോ. ശ്യാമ പ്രസാദ് മുഖർജിക്ക് എഴുതിയ കത്തിൽ പട്ടേൽ ഇങ്ങനെ പറയുന്നു, "ഈ ഗൂഢാലോചനയിൽ (ഗാന്ധിവധം) ഹിന്ദു മഹാസഭയുടെ തീവ്ര വിഭാഗത്തിന് പങ്കുണ്ടെന്നതിനൽ എനിക്ക് സംശയമില്ല. ആർ.എസ്.എസിന്റെ പ്രവർത്തനങ്ങൾ സർക്കാരിന്റെയും സംസ്ഥാനത്തിന്റെയും നിലനിൽപ്പിന് വ്യക്തമായ ഭീഷണിയാണ്''.

എന്നാൽ, ഏതാണ്ട് 18 മാസങ്ങൾക്ക് ശേഷം പട്ടേൽ തന്നെ ആർ.എസ്‌.എസിന്റെ നിരോധനം എടുത്തുകളഞ്ഞു. ആർ.എസ്.എസ് രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുമെന്നായിരുന്നു അനൗപചാരിക വ്യവസ്ഥ. എന്നാൽ, സംഘ് സൈദ്ധാന്തികനും രാഷ്ട്രീയ നിരൂപകനുമായ എസ്. ഗുരുമൂർത്തി, നിരോധനം നീക്കുന്നതിനുള്ള വ്യവസ്ഥയിൽ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കണമെന്നത് ഉണ്ടായില്ലെന്ന് പറയുന്നു. ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്, ആർ.എസ്.എസിന്റെ നിരോധനം നിരുപാധികം നീക്കിയെന്നും ഒരു നിബന്ധനയും വെച്ചിട്ടില്ലെന്നുമുള്ള മൊറാർജി ദേശായി 1949 സെപ്റ്റംബർ 14ന് ബോംബെ നിയമസഭയിൽ നടത്തിയ പ്രസ്താവനയാണ്.

1975ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴായിരുന്നു ആർ.എസ്.എസിന്റെ രണ്ടാമത്തെ നിരോധനം. 1992ൽ അയോധ്യയിലെ ബാബരി മസ്ജിദ് തകർത്തതിന് പിന്നാലെ മറ്റൊരു നിരോധനവുമുണ്ടായി. പ്രധാനമന്ത്രി പി.വി നരസിംഹ റാവുവും ആഭ്യന്തര മന്ത്രി ശങ്കർറാവു ബൽവന്ത്റാവു ചവാനും ചേർന്നാണ് 1992ൽ വിലക്ക് ഏർപ്പെടുത്തിയത്. ആർ.എസ്.എസിന് പുറമെ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) എന്നിവയെയും അന്ന് നിരോധിച്ചിരുന്നു. എന്നാൽ, കേന്ദ്ര ട്രൈബ്യൂണലിന് മുമ്പാകെ നിരോധനത്തെ സാധൂകരിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയായിരുന്നു.

Tags:    
News Summary - RSS banned three times; These are reasons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.