ആശങ്കയൊഴിയാതെ മേഘാലയ; കർഫ്യൂ 13 വരെ, അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം

ഷില്ലോങ്: മേഘാലയയിലെ ഗാരോ ഹിൽസ് ജില്ലകളിൽ പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളെത്തുടർന്ന് സംസ്ഥാനത്ത് വലിയ ആശങ്ക നിലനിൽക്കുന്നു. ഗാരോ ഹിൽസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ (GHADC) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദിവാസി വിഭാഗങ്ങളും ആദിവാസി ഇതര വിഭാഗങ്ങളും തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

ഗാരോ ഹിൽസ് കൗൺസിൽ തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട തർക്കങ്ങൾ തിങ്കളാഴ്ചയോടെയാണ് അക്രമത്തിൽ കലാശിച്ചത്. തുടർന്നുണ്ടായ സംഘർഷത്തിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അക്രമസാധ്യത കണക്കിലെടുത്ത് ഗാരോ ഹിൽസ് മേഖലയിൽ മാർച്ച് 13 അർദ്ധരാത്രി വരെ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അഞ്ച് കോളങ്ങളിലായി സൈന്യത്തെ വിന്യസിച്ചു. റാപ്പിഡ് ആക്ഷൻ ഫോഴ്സിനെയും (RAF) കൂടുതൽ പൊലീസ് സേനയെയും സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്.

വെസ്റ്റ് ഗാരോ ഹിൽസ്, ഈസ്റ്റ് ഗാരോ ഹിൽസ്, സൗത്ത് ഗാരോ ഹിൽസ്, നോർത്ത് ഗാരോ ഹിൽസ്, സൗത്ത് വെസ്റ്റ് ഗാരോ ഹിൽസ് എന്നീ അഞ്ച് ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു. സുരക്ഷാ ഭീഷണിയെത്തുടർന്ന് സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറാൻ മുഖ്യമന്ത്രി കോൺറാഡ് കെ. സാംഗ്മയോട് നിർദേശിച്ചിരുന്നെങ്കിലും, അദ്ദേഹം അതിന് വിസമ്മതിച്ചു. താൻ ഭയപ്പെടുന്നില്ലെന്നും വീട് വിട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനം പാലിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.

ഏപ്രിൽ 10ന് നിശ്ചയിച്ചിരുന്ന കൗൺസിൽ തിരഞ്ഞെടുപ്പ് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. കൂടാതെ, മാർച്ച് 11, 12 തിയതികളിൽ വെസ്റ്റ് ഗാരോ ഹിൽസിൽ നടക്കേണ്ടിയിരുന്ന പ്ലസ് ടു (HSSLC) ബോർഡ് പരീക്ഷകളും റദ്ദാക്കി. ഇവ പിന്നീട് നടത്തുമെന്ന് ബോർഡ് അറിയിച്ചു.

ഗാരോ ഹിൽസ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ആദിവാസി ഇതര വിഭാഗക്കാർ മത്സരിക്കുന്നതിനെതിരെയാണ് ഒരു വിഭാഗം പ്രതിഷേധിക്കുന്നത്. ആദിവാസി വിഭാഗത്തെ പ്രതിനിധീകരിക്കുന്ന കൗൺസിലാണിത്. അതേസമയം, വോട്ടർ പട്ടികയിൽ പേരുള്ള ആദിവാസി ഇതര വിഭാഗക്കാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിലവിൽ നിയമപരമായ അവകാശമുണ്ട്. ഇതേ വിഷയത്തിൽ, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഷെഡ്യൂൾഡ് ട്രൈബ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള കൗൺസിലിന്റെ ഉത്തരവ് മേഘാലയ ഹൈകോടതി റദ്ദാക്കിയിരുന്നു. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി.

Tags:    
News Summary - What's behind the unrest in Meghalaya?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.