മുംബൈ: കോവിഡ് 19 ജംബോ ഫീൽഡ് സെന്ററുകളുമായി ബന്ധപ്പെട്ട ഫണ്ട് ദുരുപയോഗം ചെയ്തെന്ന ആരോപണത്തിൽ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഐ.എ.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ജയ്‌സ്വാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.
1996 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ജയ്‌സ്വാൾ നിലവിൽ മഹാരാഷ്ട്ര ഹൗസിങ് ആൻഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (എം.എച്ച്.എ.ഡി.എ) വൈസ് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമാണ്. ആരോപണമുയർന്ന സമയത്ത് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷനിൽ (ബി.എം.സി) അഡീഷനൽ മുനിസിപ്പൽ കമ്മീഷണറായിരുന്നു ജയ്‌സ്വാൾ.
ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയുടെ പേഴ്‌സണൽ അസിസ്റ്റന്റിന്റെയും ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ അടുത്ത അനുയായിയുടെയും വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.100 കോടി രൂപയുടെ കോവിഡ് സെന്റർ അഴിമതിയുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് നൽകിയ പരാതിയെ തുടർന്നാണിത്.
ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ (ബി.എം.സി) ചില ഉദ്യോഗസ്ഥരുടെ സ്വത്തുക്കൾ ഉൾപ്പെടെ മുംബൈയിലും സമീപ പ്രദേശങ്ങളിലും കുറഞ്ഞത് 15 സ്ഥലങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തി. വ്യവസായിയായ സുജിത് പട്കറുടെ ലൈഫ്‌ലൈൻ ഹോസ്പിറ്റൽ മാനേജ്‌മെന്റ് സർവീസസിന് ബി.എം.സി ജംബോ കോവിഡ് സെന്ററുകൾ കൈകാര്യം ചെയ്യുന്നതിനുള്ള കരാർ നൽകിയതിലാണ് അഴിമതി ആരോപണമുയർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.