മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ലാത്തൂർ ഗ്രാമത്തിൽ കർഷകന് കന്നുകാലിയെ സമ്മാനിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ജൂൺ അഞ്ചിന് ഇടിമിന്നലേറ്റ് കാശിനാഥ് ഗെയ്ക്വാദിന് തന്‍റെ ഒരു കാളയെ നഷ്ടപ്പെട്ടിരുന്നു. മഴക്കാലത്തിനു മുമ്പായി നിലം ഉഴുതു മറിക്കേണ്ടതിനാൽ കാളക്കൊപ്പം വയൽ ഉഴുതുമറിക്കാൻ കർഷകന് തന്‍റെ ഭാര്യയെ നിർത്തേണ്ടി വന്നു. കലപ്പയുടെ ഒരറ്റത്ത് കാളയും മറ്റേ അറ്റത്ത് കാശിനാഥ് ഗെയ്ക്വാദിന്‍റെ ഭാര്യയും നിന്ന് നിലം ഉഴുതു മറിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ മൃഗസംരക്ഷ വകുപ്പ് ഇയാൾക്ക് ഒരു കാളയെ കൊടുത്തു.
എന്നാലിത് കർഷകന്‍റെ സ്ഥിതി കൂടുതൽ ദുരന്തപൂർണമാക്കുകയാണ് ചെയ്തത്. കാർഷിക ജോലികൾക്ക് യോഗ്യമല്ലാതിരുന്ന കാളയെയായിരുന്നു മൃഗസംരക്ഷണ വകുപ്പ് നൽകിയത്. സംഭവം വലിയ രാഷ്ട്രീയ ചർച്ചകൾക്കും വിമർശനങ്ങൾക്കും കാരണമായതോടെ മുഖ്യമന്ത്രി തന്നെ പ്രതിവിധിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
കർഷകന് നഷ്ടപരിഹാരം നൽകാനും ആരോഗ്യമുള്ള കാളയെ നൽകാനും ദേവേന്ദ്ര ഫഡ്നാവിസ് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. മാത്രമല്ല, നടന്നത് ഹൃദയഭേദകമായ സംഭവമാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. കർഷകരോട് സർക്കാർ നിസ്സംഗത കാണിക്കുകയാണെന്ന് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.