മുംബൈ: രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനുപകരം കേന്ദ്രസർക്കാർ നുണകളെ ആശ്രയിക്കുകയാണെന്ന് മുൻ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിൻഹ. ദാദറിൽ മഹാരാഷ്ട്ര കോൺഗ്രസ് ആസ്ഥാനത്ത് സമ്പദ്വ്യവസ്ഥയെക്കുറിച്ച് സംസാരിക്കുകയായിരുന്നു മുൻ ബി.ജെ.പി നേതാവ്.
കേന്ദ്രസർക്കാർ ഊതിപ്പെരുപ്പിച്ച സാമ്പത്തിക കണക്കാണ് അവതരിപ്പിക്കുന്നത്. ഇറാൻ-ഇസ്രായേൽ സംഘർഷമല്ല, 10-12 വർഷമായി പിന്തുടർന്ന തെറ്റായ സാമ്പത്തിക നയങ്ങളുടെ ഫലമാണ് രാജ്യം നേരിടുന്ന പ്രതിസന്ധിക്ക് കാരണം. പണം നൽകിയുള്ള പരസ്യ പ്രചാരണത്തിന്റെ കൊടുങ്കാറ്റിൽ സത്യം മറയുകയാണ്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾ അവഗണിക്കപ്പെടുകയാണ്.
ഇന്ത്യയുടെ ദേശീയ അക്കൗണ്ടുകളിലെ സ്ഥിരം പോരായ്മകളെക്കുറിച്ച് അന്താരാഷ്ട്ര നാണയ നിധിതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അക്കാര്യം കൂടുതൽ പൊതുജനശ്രദ്ധ നേടേണ്ടതുണ്ട്. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ മൂലധന രൂപീകരണം ജി.ഡി.പിയുടെ 32-33 ശതമാനത്തിൽ സ്തംഭിച്ചിരിക്കുകയാണ്. മോദി സർക്കാർ അവതരിപ്പിച്ച 7.7 ശതമാനം വളർച്ചാ കണക്കുകൾ തെറ്റായിരുന്നെന്നും മുൻ ധനമന്ത്രി പറഞ്ഞു. മോദി എത്രയും വേഗം പോകുന്നോ അത്രയും നല്ലതെന്നാണ് അദ്ദേഹം പറഞ്ഞുനിർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.