'പ്രസിഡന്റ് വായിച്ചു ക്ഷീണിച്ചു; സംസാരിക്കാൻ പോലും വയ്യാതായി, കഷ്ടം​' -രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ച് സോണിയ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര ബജറ്റിന്റെ ഭാഗമായി പാർലമെന്റിലെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുർമു നടത്തിയ സുദീർഘമായ പ്രസംഗത്തെ കുറിച്ച് പ്രതികരണവുമായി സോണിയ ഗാന്ധി. പ്രസിഡന്റ് വായിച്ചു ക്ഷീണിച്ചു. അവസാനമായപ്പോഴേക്കും സംസാരിക്കാൻ പോലും വയ്യാതായി എന്ന്, കഷ്ടം എന്നായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ച് സോണിയ ഗാന്ധി പറഞ്ഞ ത്. വളരെ ബോർ ആയിരുന്നു പ്രസംഗമെന്നും ഒരേ കാര്യം തന്നെ ആവർത്തിക്കുകയായിരുന്നുവെന്നും പറഞ്ഞ് രാഹുൽ ഗാന്ധിയും സോണിയയെ പിന്തുണച്ചു.രാഷ്ട്രപതിയുടെ പ്രസംഗത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കായിരുന്നു സോണിയയുടെ മറുപടി.

എന്നാൽ സോണിയയുടെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി ഭരണപക്ഷ എം.പിമാർ രംഗത്തുവന്നു. രാഷ്ട്രപതിക്കു നേരെ സോണിയ അപകീർത്തികരമായ പരാമർശമാണ് നടത്തിയതെന്ന് ബി.ജെ.പി ആരോപിച്ചു. ഒരു ആദിവാസി വനിതയെ ഉൾക്കൊള്ളാൻ കോൺഗ്രസിന്റെ ഫ്യൂഡൽ മനസിന് സാധിക്കുന്നില്ലെന്നും ആദിവാസി വനിത പ്രസിഡന്റാകുമെന്ന് അവർ ചിന്തിച്ചിട്ടു പോലുമുണ്ടാകില്ലെന്നും ബി.ജെ.പി വിമർശിച്ചു.

''വളരെ അപകീർത്തികരമായ പരാമർശമാണിത്. സോണിയയെയും രാഹുലിനെയും പോലുള്ള നേതാക്കളിൽ നിന്ന് ഇതുപോലുള്ള പരാമർശങ്ങൾ പ്രതീക്ഷിക്കുന്നില്ല. പ്രത്യേകിച്ച് രാഷ്ട്രപതിക്കു നേരെ. ആദിവാസി കുടുംബത്തിൽ നിന്നുള്ള വനിതയാണ് ദ്രൗപതി മുർമു. ഇന്ത്യയിലെ പ്രഥമ വനിതയാണവർ. കോൺഗ്രസിന്റെ ഫ്യൂഡൽ മനസ്ഥിതിക്ക് അവരെ ഉൾക്കൊള്ളാൻ സാധിക്കുന്നില്ല ''-ബി.ജെ.പി എം.പി സുകാന്ത മജുംദാർ പറഞ്ഞു.

ബി.ജെ.പിയുടെ ആരോപണങ്ങൾക്ക് കോൺഗ്രസ് മറുപടി നൽകിയിട്ടില്ല. യുവാക്കളുടെ വിദ്യാഭ്യാസത്തിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നുവെന്നായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗത്തിൽ സൂചിപ്പിച്ചത്.

മുൻ സർക്കാറുകളേക്കാൾ മൂന്നിരട്ടി വേഗത്തിലാണ് മൂന്നാം മോദി സർക്കാർ പ്രവർത്തിക്കുന്നത്. ഇടത്തരക്കാരുടെ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മൂന്ന് കോടി കുടുംബങ്ങൾക്ക് പുതിയ വീടുകൾ നിർമിക്കുന്നതിനായി പ്രധാനമന്ത്രി ആവാസ് യോജന വിപുലീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, വഖഫ് ഭേദഗതി ബില്ല് എന്നിവയിലേക്ക് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചു. യുവാക്കളുടെ വിദ്യാഭ്യാസത്തിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. മാസങ്ങൾക്ക് മുൻപ് തന്നെ ആയുഷ്മാൻ പദ്ധതിക്ക് കീഴിൽ 70 വയസിൽ കൂടുതലുള്ള ആറ് കോടി മുതിർന്ന പൗരന്മാർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകാൻ തീരുമാനിച്ചു. സ്ത്രീകളുടെ നേതൃത്വത്തിൽ രാജ്യത്തെ ശാക്തീകരിക്കുന്നതിൽ സർക്കാർ വിശ്വസിക്കുന്നു. അവർ സേനയിൽ യുദ്ധവിമാനങ്ങൾ പറത്തുന്നതും പോലീസിൽ ചേരുന്നതും മുൻനിര കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതും അഭിമാനകരമായ കാര്യമാണ്. രാജ്യത്തെ പെൺമക്കൾ ഒളിമ്പിക്‌ മെഡലുകൾ നേടി രാജ്യത്തിൻ്റെ അഭിമാനം ഉയർത്തുന്നുവെന്നും രാഷ്ട്രപതി പ്രസംഗത്തിൽ പറഞ്ഞു.

Tags:    
News Summary - Row Over Sonia Gandhi's Remarks On President's Speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.