(File Photo)
ന്യൂഡൽഹി: മ്യാന്മറിലെ 2012ലെ വംശഹത്യ ഭയന്ന് ഇന്ത്യയിൽ അഭയാർഥികളായെത്തിയ റോഹിങ്ക്യൻ വംശജരെ ഡൽഹിയിൽ പ്രത്യേക തടവ് കേന്ദ്രത്തിലേക്ക് മാറ്റിത്തുടങ്ങി. ഡൽഹി കാളിന്ദി കുഞ്ചിലെയും ശ്രം വിഹാറിലെയും റോഹിങ്ക്യൻ ക്യാമ്പുകളിൽ വർഷങ്ങളായി കഴിയുന്നവരെ പിടികൂടി ഡൽഹി ശാസ്ത്രി നഗർ മെട്രോ സ്റ്റേഷനടുത്ത് അഭയാർഥികൾക്കുള്ള പ്രത്യേക തടവ് കേന്ദ്രത്തിലേക്കാണ് മാറ്റിയത്.
80 വയസ്സുള്ള സുൽത്താൻ അഹ്മദ്, അദ്ദേഹത്തിെൻറ 70 വയസ്സ് പ്രായമുള്ള രോഗിയായ ഭാര്യ ഹലീമ ഖാതൂൻ, മക്കളായ മുഹമ്മദ്(27), ഉസ്മാൻ (18) എന്നിവരെ ബുധനാഴ്ച രാവിലെ കാളിന്ദി കുഞ്ച് ക്യാമ്പിൽനിന്ന് ബലംപ്രയോഗിച്ചാണ് കൊണ്ടുപോയത്. ചൊവ്വാഴ്ച വൈകീട്ട് കാളിന്ദി കുഞ്ച് പൊലീസ് സ്റ്റേഷനിൽനിന്ന് എത്തിയ പൊലീസുകാർ ക്യാമ്പിൽ റെയ്ഡ് നടത്തിയിരുന്നുവെന്നും ആരെങ്കിലും പുതുതായി അഭയാർഥികളായി എത്തിയിട്ടുണ്ടോ എന്ന് ചോദിച്ചിരുന്നതായും മക്കളിലൊരാളായ മിനാറ പറഞ്ഞു. പിന്നീട് രാവിലെ വന്നാണ് താനൊഴികെ കുടുംബത്തിലെ നാലുപേരെയും കൊണ്ടുപോയത്. ചായയോ പ്രാതലോ കഴിക്കാൻ സമ്മതിക്കാതെ വയോവൃദ്ധരെ പൊലീസ് വാനിലേക്ക് തള്ളുകയായിരുന്നുവെന്നും അവർ പറഞ്ഞു. ഏതാനും മാസങ്ങളായി വിവിധ െപാലീസും സർക്കാർ ഉദ്യോഗസ്ഥരും വന്ന് തങ്ങളെ മ്യാന്മാറിലേക്ക് തിരിച്ചുപോകാൻ നിർബന്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അവർ പറഞ്ഞു.
ഐക്യരാഷ്ട്ര സഭയുടെ ഡൽഹി ഓഫിസിൽനിന്നും അഭയാർഥി കാർഡ് കിട്ടി രേഖാമൂലം രാജ്യത്ത് അഭയാർഥികളായി കഴിയുന്നവരാണിവർ. കഴിഞ്ഞയാഴ്ച ശ്രം വിഹാറിൽനിന്ന് ആറും കാളിന്ദി കുഞ്ചിൽനിന്ന് ആറുപേരെയും ഇതുപോലെ തടവറയിലേക്ക് കൊണ്ടുപോയിരുന്നു. ഇതോടെ, ഒരാഴ്ചക്കുള്ളിൽ ഈ രണ്ടു ക്യാമ്പുകളിൽനിന്നുമാത്രം അഭയാർഥികൾക്കുള്ള പ്രത്യേക തടവുകേന്ദ്രങ്ങളിലേക്ക് മാറ്റിയവരുടെ എണ്ണം 16 ആയെന്ന് റോഹിങ്ക്യൻ അഭയാർഥി സിറാജുല്ല 'മാധ്യമ'ത്തോടു പറഞ്ഞു. ഏതാനും ആഴ്ചമുമ്പ് ക്യാമ്പിലെ ചില കുടിലുകൾക്ക് തീവെച്ചിരുന്നു. യു.പി സർക്കാറിെൻറ ഉടമസ്ഥതയിലുള്ള ഭൂമി കൈവശംവെച്ചയാൾക്ക് മാസം ആയിരം രൂപ വാടക കൊടുത്താണ് അഭയാർഥി കുടുംബങ്ങൾ കുടിൽ കെട്ടിയിരിക്കുന്നത്. അത് ഒഴിപ്പിക്കുമെന്ന് യു.പി സർക്കാർ ഉദ്യോഗസ്ഥർ അഭയാർഥികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.