ആറു വർഷത്തിനിടെ ആദ്യമായി ബജറ്റ് അവതരിപ്പിച്ച് ഉമർ അബ്ദുല്ല; ജമ്മു കശ്മീരിന്റെ സാമ്പത്തിക വളർച്ചക്കുള്ള മാർഗരേഖയെന്ന്

ജമ്മു: ആറു വർഷത്തിനിടെ ജമ്മു കശ്മീർ നിയമസഭയിൽ ആദ്യമായി ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി ഉമർ അബ്ദുല്ല. ഇത് സാമ്പത്തിക വളർച്ചക്കുള്ള മാർഗരേഖയാണെന്നും ജനങ്ങളുടെ അഭിലാഷങ്ങളുടെ യഥാർഥ പ്രതിഫലനമാണെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനകാര്യ വകുപ്പ് വഹിക്കുന്ന ഉമർ അബ്ദുല്ല പഞ്ഞു. പേർഷ്യൻ വരികളുടെ ഈരടിയോടെയാണ് മുഖ്യമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ അധികാരത്തിൽ വന്ന നാഷനൽ കോൺഫറൻസ് സർക്കാർ ആറു വർഷത്തെ കേന്ദ്രഭരണം അവസാനിപ്പിച്ചതിനു ശേഷം അവതരിപ്പിക്കുന്ന ആദ്യ ബജറ്റാണിത്. 2019 ആഗസ്റ്റ് 5ന് 370 ാം വകുപ്പ് റദ്ദാക്കിയതിനു ശേഷം രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ട മുൻ ജമ്മു കശ്മീർ സംസ്ഥാനത്ത്, ആ സമയത്തെ പി.ഡി.പി-ബി.ജെ.പി സർക്കാറിന്റെ കീഴിലാണ് അവസാന ബജറ്റ് സമ്മേളനം നടന്നത്.

‘നമ്മുടെ വെല്ലുവിളികൾ വളരെ വലുതാണ്, നമ്മുടെ പരിമിതികൾ നിരവധിയാണ്. പക്ഷേ, ഈ വെല്ലുവിളികളെ അചഞ്ചലമായ ദൃഢനിശ്ചയത്തോടെ നേരിടാൻ നാം കൂട്ടായി പ്രതിജ്ഞയെടുക്കണം’- അബ്ദുല്ല സഭയിൽ പറഞ്ഞു. നമ്മുടെ ജനങ്ങളുടെ സ്വപ്നങ്ങളുടെയും ഭാവി തലമുറകളുടെ ആവശ്യങ്ങളുടെയും ജമ്മു കശ്മീരിലെ ഓരോ പൗരന്റെ അഭിലാഷങ്ങളുടെയും യഥാർത്ഥ പ്രതിഫലമെന്ന നിലയിൽ ഈ കന്നി ബജറ്റ് തയാറാക്കാൻ താൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കുക എന്നത് ജനങ്ങളുടെ ആഴത്തിലുള്ള അഭിലാഷമാണ്. അതിന്റെ പൂർത്തീകരണത്തിനായി ഈ സർക്കാർ ദൃഢനിശ്ചയം ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഒരിക്കൽ ഞാൻ ബജറ്റ് അവതരിപ്പിക്കുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു’ എന്ന് ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് അബ്ദുല്ല ‘എക്‌സി’ലെ ഒരു പോസ്റ്റിൽ പറഞ്ഞു. അന്തരിച്ച ബി.ജെ.പി നേതാവ് ദേവേന്ദർ സിംഗ് റാണക്കൊപ്പം ഒരു ബ്രീഫ്‌കേസ് വഹിച്ചുകൊണ്ട് നടക്കുന്ന ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചു.

Tags:    
News Summary - Roadmap for economic growth: CM Omar Abdullah presents JK's first budget in six years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.