ആഡംബരം ചോദ്യംചെയ്ത പാര്‍ട്ടിക്കാരന്‍െറ ജോലി തെറിപ്പിച്ച സി.പി.എം എം.പി വിവാദത്തില്‍

ന്യൂഡല്‍ഹി:  ആഡംബരജീവിതം ചോദ്യംചെയ്ത പാര്‍ട്ടി അനുഭാവിയുടെ ജോലി തെറിപ്പിച്ച ബംഗാളില്‍നിന്നുള്ള സി.പി.എമ്മിന്‍െറ  രാജ്യസഭാംഗം ഋതബ്രത ബാനര്‍ജി വിവാദത്തില്‍. ഞായറാഴ്ച ഡല്‍ഹിയില്‍ നടന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിലും ഇക്കാര്യം ചര്‍ച്ചയായി.  ഋതബ്രത ബാനര്‍ജിക്കെതിരെ നടപടിയെടുക്കാന്‍ ബംഗാള്‍ ഘടകത്തോട് പാര്‍ട്ടി നിര്‍ദേശിച്ചു.

യുവനേതാവിന്‍െറ നടപടി  പാര്‍ട്ടിക്ക് ചേര്‍ന്നതല്ളെന്നും തിരുത്തല്‍ നടപടിയുണ്ടാകുമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.  എസ്.എഫ്.ഐ മുന്‍ ജനറല്‍ സെക്രട്ടറിയാണ് ഋതബ്രത. ഫെബ്രുവരി 12ന് സിലിഗുരിയില്‍  ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും തമ്മില്‍ നടന്ന മത്സരം കാണാനത്തെിയ ഋതബ്രത  ഫേസ്ബുക്കില്‍ പോസ്റ്റ്  ചെയ്ത ചിത്രത്തെ ചൊല്ലിയാണ് വിവാദം.  
പോക്കറ്റില്‍ മോണ്ട് ബ്ളാങ്ക് പേനയും കൈയില്‍ ആപ്പിള്‍ വാച്ചും കാണാവുന്ന തരത്തിലായിരുന്നു ചിത്രം.   പാര്‍ട്ടി അനുഭാവിയായ 24കാരന്‍ സുമിത് താലൂക്ദര്‍ ചിത്രത്തിന് കീഴെ ഒരു കുറിപ്പിട്ടതോടെ അത് ചര്‍ച്ചയായി.   

‘‘ആപ്പിള്‍ വാച്ചാണ് നിങ്ങളുടെ കൈത്തണ്ടയില്‍. അതിന്‍െറ വില 27,000 രൂപയില്‍ ആരംഭിക്കുന്നു. നിങ്ങളുടെ പേന മോണ്ട് ബ്ളാങ്കിന് ഇന്ത്യയില്‍ വില 30,000ത്തിന് മുകളിലാണ്.  എങ്ങനെയാണ് ഇത്രയും ആഡംബര  വസ്തുക്കള്‍ കൈയിലുണ്ടാകുന്നത്.  കേവലം 6000 രൂപയാണ്  പാര്‍ട്ടിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകന്‍ എന്ന നിലക്ക് നിങ്ങളുടെ വരുമാനം. അതുകൊണ്ട് ഇത് വാങ്ങാനാകുമോ...’’ എന്നിങ്ങനെയായിരുന്നു സുമിതിന്‍െറ കുറിപ്പ്. എം.പിയെന്ന നിലക്കുള്ള വരുമാനം പോസ്റ്റില്‍ പറയുന്നില്ല. കുറിപ്പ് പലരും ഷെയര്‍ ചെയ്തതോടെ സമൂഹമാധ്യമങ്ങളില്‍ വൈറലായി.   

ഐ.ടി മേഖലയില്‍ ബംഗളൂരുവില്‍  സ്റ്റാര്‍ട്ടപ് കമ്പനിയില്‍ ജീവനക്കാരനാണ് സുമിത്.  ക്ഷുഭിതനായ ഋതബ്രത കമ്പനിയെ ബന്ധപ്പെട്ട് സുമിതിനെ പിരിച്ചുവിടാന്‍ സമ്മര്‍ദം ചെലുത്തി. കമ്പനിയുടെ എച്ച്.ആര്‍ വിഭാഗത്തിന് സ്വന്തം ലെറ്റര്‍ഹെഡില്‍ ഋതബ്രത എഴുതിയ കത്ത് പുറത്തുവന്നതോടെ പാര്‍ട്ടി വെട്ടിലായി.

നിങ്ങളുടെ ജോലിക്കാരില്‍ ഒരാള്‍ സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ ദുഷ്പ്രചാരണം നടത്തുന്നുവെന്നും മാറ്റിനിര്‍ത്താന്‍ നടപടിയുണ്ടായില്ളെങ്കില്‍ കമ്പനിക്കെതിരെയും കേസ് നല്‍കുമെന്ന ഭീഷണി സ്വരമാണ് കത്തിലുള്ളത്. തുടര്‍ന്ന് കമ്പനി സുമിതിനെ ജോലിയില്‍നിന്ന് നീക്കി.  ഇതുസംബന്ധിച്ച് പാര്‍ട്ടി ബംഗാള്‍ ഘടകത്തിന് പരാതി ലഭിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇതേതുടര്‍ന്നാണ് പ്രശ്നം പി.ബിയില്‍ വന്നത്.

Tags:    
News Summary - ritabrata.gif

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.