കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ക്രിക്കറ്റ് താരം റിഷഭ് പന്തിനെ പ്ലാസ്റ്റിക് സർജറിക്ക് വേണ്ടി ഡൽഹിയിലേക്ക് മാറ്റുമെന്ന് റിപ്പോർട്ടുകൾ. നിലവിൽ ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലാണ് പന്ത് ചികിത്സയിലുള്ളത്. ആവശ്യമെങ്കിൽ പന്തിനെ ഡൽഹിയിലേക്ക് എയർലിഫ്റ്റ് ചെയ്യുമെന്ന് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ ഡയറക്ടർ ശ്യാം ശർമ പറഞ്ഞു.
25കാരനായ താരത്തിന് നെറ്റിയിലും പുറത്തും കാലിലുമാണ് സാരമായി പരിക്കേറ്റത്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. വിശദമായ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിടുമെന്നും ആശുപത്രി അറിയിച്ചു.
വെള്ളിയാഴ്ച പുലർച്ചെ 5.30ഓടെ ഡൽഹി-ഹരിദ്വാർ ഹൈവേയിൽ ഡെറാഡൂണിൽനിന്ന് 90 കിലോമീറ്റർ അകലെ നർസനിലായിരുന്നു റിഷഭ് പന്തിന് അപകടം സംഭവിച്ചത്. താരം സഞ്ചരിച്ച ആഢംബര കാർ ഡിവൈഡറിലിടിച്ച് തീപിടിക്കുകയായിരുന്നു.
വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാറിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉറങ്ങിപ്പോയതിനാൽ കാറിന്റെ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. റോഡിൽ മൂടൽമഞ്ഞ് ഇല്ലായിരുന്നെന്നും അതിനാൽ റോഡിലെ കാഴ്ചകൾ മറഞ്ഞിരുന്നില്ലെന്നും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.