സമരത്തിൽനിന്ന് പിന്മാറിയിട്ടില്ലെന്ന് സാക്ഷി മാലികും ബജ്റംഗ് പുനിയയും; പ്രചരിക്കുന്നത് വ്യാജവാർത്ത

ന്യൂഡൽഹി: ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമം ആരോപിച്ച് നടത്തുന്ന സമരത്തിൽനിന്ന് ഗുസ്തിതാരങ്ങൾ പിന്മാറിയെന്ന വാർത്ത നിഷേധിച്ച് സാക്ഷി മാലികും ബജ്റംഗ് പുനിയയും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഗുസ്തി താരങ്ങൾ ചർച്ച നടത്തി രണ്ടു ദിവസത്തിന് ശേഷം ജോലിയിൽ തിരികെ പ്രവേശിച്ച താരങ്ങൾ, സമരത്തിൽനിന്ന് പിന്മാറിയതായി വാർത്ത പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്ത പൂർണമായും തെറ്റാണെന്ന് സാക്ഷി ട്വിറ്ററിലൂടെ അറിയിച്ചു.

‘ഈ വാർത്ത പൂർണമായും തെറ്റാണ്. നീതിക്കായുള്ള പോരാട്ടത്തിൽനിന്ന് ഞങ്ങളിലാരും പിന്നോട്ടു പോയിട്ടില്ല. ഇനി പിൻമാറുകയുമില്ല. സത്യഗ്രഹം തുടരുന്നതിനൊപ്പം, റെയിൽവേയിലെ എന്റെ ഉത്തരവാദിത്തം കൂടി നിർവഹിക്കുന്നു എന്നേയുള്ളൂ. നീതി ഉറപ്പാകുന്നത് വരെ ഞങ്ങൾ സമരം തുടരും. ദയവു ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്’ – സമരത്തിൽനിന്ന് പിന്മാറിയെന്ന ചാനൽ വാർത്തയുടെ സ്ക്രീൻ ഷോട്ട് സഹിതം സാക്ഷി ട്വിറ്ററിൽ കുറിച്ചു.

സമരത്തിൽനിന്ന് പിന്മാറിയെന്ന വാർത്ത ബജ്‌റങ് പുനിയയും നിഷേധിച്ചു. ‘സമരത്തിൽനിന്ന് പിൻവാങ്ങിയെന്ന വാർത്ത അഭ്യൂഹം മാത്രമാണ്. സമരമുഖത്തുള്ള ഞങ്ങളെ ഉപദ്രവിക്കാനാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നത്. ഞങ്ങൾ സമരത്തെക്കുറിച്ച് പുനരാലോചന നടത്തുകയോ സമരത്തിൽനിന്ന് പിന്മാറുകയോ ചെയ്തിട്ടില്ല. എഫ്.ഐ.ആറുമായി ബന്ധപ്പെട്ട വാർത്തയും തെറ്റാണ്. നീതി ഉറപ്പാക്കുന്നതുവരെ പോരാട്ടം തുടരും’ – ബജ്റങ് പൂനിയ കുറിച്ചു.

ശനിയാഴ്ചയാണ് സമരത്തിലുള്ള ഗുസ്തി താരങ്ങൾ അമിത് ഷായുമായി അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിൽ ചർച്ച നടത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴ് ഗുസ്തി താരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കിയ ബ്രിജ് ഭൂഷൻ സിങ്ങിനെതിരെ ഉടൻ നടപടി വേണമെന്നും വിഷയത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു. നിയമം എല്ലാവർക്കും ഒരുപോലെയായിരിക്കുമെന്ന് ഉറപ്പ് നൽകിയ അമിത് ഷാ, നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും താരങ്ങളോട് പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെ തുടങ്ങിയ കൂടിക്കാഴ്ച രണ്ടു മണിക്കൂറോളം നീണ്ടു. ബജ്റംങ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, സംഗീത ഫോഗട്ട്, സത്യവൃത് കാദിയാൻ എന്നിവരാണ് കൂടിക്കാഴ്ചയിൽ പ​ങ്കെടുത്തിരുന്നത്.

എന്നാൽ, ആഭ്യന്തര മന്ത്രിയുടെ പ്രതികരണം നിരാശാജനകമായിരുന്നെന്ന് കൂടിക്കാഴ്ചയില്‍ പങ്കെടുത്ത സാക്ഷി മാലികിന്‍റെ ഭര്‍ത്താവ് കൂടിയായ സത്യവൃത് കാദിയാന്‍ പ്രതികരിച്ചിരുന്നു. ചര്‍ച്ച അപൂര്‍ണമായിരുന്നെന്നും താരങ്ങള്‍ ആഗ്രഹിച്ച പ്രതികരണമല്ല ആഭ്യന്തര മന്ത്രിയില്‍ നിന്നുണ്ടായതെന്നും കാദിയാന്‍ പറഞ്ഞിരുന്നു.

Tags:    
News Summary - Returned to work; Sakshi Malik withdrew from the strike of wrestling stars?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.