പ്രതീകാത്മക ചിത്രം
വിരമിക്കാൻ ഒരു ദിവസം മാത്രം; അത്താഴത്തിനായി കാത്തിരുന്ന കുടുംബാംഗങ്ങൾക്ക് മുന്നിലെത്തിയത് ലോക്കോ പൈലറ്റിന്‍റെ മൃതദേഹം
കൊൽക്കത്ത: വിരമിക്കുന്നതിന് മുമ്പുള്ള അവസാന യാത്രയിലായിരുന്നു എൻ.ടി.പി.സി ലോക്കോ പൈലറ്റ് ഗംഗേശ്വർ മാൽ. യാത്ര കഴിഞ്ഞ് തിരികെ എത്തി കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു അദ്ദേഹം. എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. ഗംഗേശ്വറിന്‍റെ ഔദ്യോഗിക ജീവിതത്തിലെ മാത്രം അവസാനയാത്ര ആയിരുന്നില്ല അദ്ദേഹത്തിന് അത്.
പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ജിയാഗഞ്ച് സ്വദേശിയാണ് ഗംഗേശ്വർ. വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് ജാർഖണ്ഡിലെ സാഹെബ്ഗഞ്ച് ജില്ലയിൽ രണ്ട് ഗുഡ്സ് ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് ഗംഗേശ്വർ കൊല്ലപ്പെട്ടത്. അപകടത്തിൽ മറ്റൊരു ലോക്കോ പൈലറ്റും മരണപ്പെട്ടു. നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഏപ്രിൽ ഒന്നിനായിരുന്നു അദ്ദേഹത്തിന്‍റെ അവസാന പ്രവൃത്തി ദിവസമെന്നും അതിനുശേഷം ഭാര്യയോടും മക്കളോടും ഒപ്പം സമയം ചെലവഴിക്കാൻ പദ്ധതിയിട്ടിരുന്നുവെന്നും ഗംഗേശ്വറിന്‍റെ മകൾ പറഞ്ഞു. തിരികെയുള്ള യാത്രക്കിടെ സിഗ്നലിനായി കാത്തിരിക്കുമ്പോഴാണ് അപകടമുണ്ടായതെന്നാണ് വിവരമെന്നും മകൾ വ്യക്തമാക്കി.
ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ബർഹൈത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭോഗ്നാദിഹിന് സമീപമാണ് അപകടം നടന്നത്. ട്രെയിനുകൾ കോർപ്പറേഷന്റെ ഫറാക്കയിലെ തെർമൽ പവർ പ്ലാന്റിലേക്ക് കൽക്കരി കൊണ്ടുപോകുകയായിരുന്നു. കൂട്ടിയിടിച്ചതോടെ എഞ്ചിനിലും കൽക്കരി നിറച്ച ബോഗികളിലും തീപിടുത്തമുണ്ടായി. ഗുഡ്‌സ് ട്രെയിനുകളും ട്രാക്കുകളും എൻ.ടി.പി.സിയുടേതാണെന്നും ഇന്ത്യൻ റെയിൽവേയുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ഈസ്റ്റേൺ റെയിൽവേ വക്താവ് കൗസിക് മിത്ര വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.