വായ്പ തിരിച്ചടച്ചില്ലെന്ന് ആരോപിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി; അർധനഗ്ന വീഡിയോ പകർത്തിയെന്ന് പരാതി

ബംഗളൂരു: വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് യുവതിയെയും പ്രായപൂർത്തിയാകാത്ത മകനെയും തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിക്കുകയും യുവതിയെ മർദിച്ച് അർധനഗ്ന വീഡിയോ പകർത്തുകയും ചെയ്തതായി പരാതി. സംഭവത്തിൽ നാലുപേർക്കെതിരെ ചന്ദ്ര ലേഔട്ട് പൊലീസ് കേസെടുത്തു. തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടവിൽവെക്കൽ, മർദനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്കും ഐ.ടി നിയമപ്രകാരവുമാണ് കേസ്. അന്വേഷണം തുടരുകയാണ്.

രണ്ടുവർഷം മുമ്പ് നസാത്ത് ബീഗത്തിൽനിന്ന് 50,000 രൂപയും റെഷ്മ ബാനുവിൽനിന്ന് ഒരു ലക്ഷം രൂപയും യുവതി വായ്പയെടുത്തിരുന്നു. ആദ്യ വായ്പ ആഴ്ചതോറും തിരിച്ചടക്കേണ്ടതും രണ്ടാമത്തേത് പ്രതിമാസ പലിശയോടെയുമായിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് ഏതാനും ആഴ്ചകളായി തിരിച്ചടവ് മുടങ്ങിയിരിക്കുകയായിരുന്നു.

ആഗസ്റ്റ് 27ന് ജോലി നൽകാമെന്നും പണം ലഭിക്കുമെന്നും പറഞ്ഞ് നസാത്ത് ബീഗം യുവതിയെ മെട്രോ ലേഔട്ടിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വൈകീട്ട് 5.30ഓടെ മകനോടൊപ്പം എത്തിയ യുവതിയെ റെഷ്മ ബാനുവും ഭർത്താവ് സുഹൈലും മറ്റു രണ്ടുപേരും ചേർന്ന് തടഞ്ഞുവെച്ച് മർദിക്കുകയായിരുന്നുവെന്നാണ് ആരോപണം.

പലിശയടക്കം 11 ലക്ഷം രൂപ ആവശ്യപ്പെട്ട സംഘം കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങി കേടുവരുത്തുകയും ചെയ്തതായും യുവതി ആരോപിച്ചു. തുടർന്ന് യുവതിയെയും മകനെയും ഓട്ടോറിക്ഷയിൽ കയറ്റി കുമ്പളഗോഡിലെ മറ്റൊരു വീട്ടിലേക്ക് കൊണ്ടുപോയി.

അവിടെ മുറിയിൽ പൂട്ടിയിട്ട് വടികൊണ്ട് മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി യുവതി പൊലീസിനോട് പറഞ്ഞു. തുടർന്ന് വസ്ത്രം അഴിക്കാൻ നിർബന്ധിച്ച് അർധനഗ്നാവസ്ഥയിൽ വീഡിയോ പകർത്തിയെന്നും പണം നൽകിയില്ലെങ്കിൽ ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. വായ്പത്തുക തിരിച്ചുപിടിക്കാനായി തന്നെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടുമെന്ന് സുഹൈൽ ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞു.

ആഗസ്റ്റ് 29ന് യുവതിയുടെ മൂത്ത മകനെ വീട്ടിലേക്ക് തിരിച്ചയച്ചെങ്കിലും യുവതിയെ തടങ്കലിൽ വെക്കുകയായിരുന്നു. ആഗസ്റ്റ് 30ന് അഭിഭാഷകന്റെ അടുത്തേക്ക് കൊണ്ടുപോയി ചില രേഖകളിൽ ഒപ്പിടാൻ നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു.

തുടർന്ന് വിവരമറിഞ്ഞ പൊലീസ് സംഘം പിറ്റേദിവസം കുമ്പളഗോഡിലെ വീട്ടിലെത്തി യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.

നസാത്ത് ബീഗം, റെഷ്മ ബാനു, സുഹൈൽ, സെയ്ഫ് എന്നിവർക്കെതിരെയാണ് പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾക്കും ഐ.ടി നിയമത്തിലെ 66(ഇ) വകുപ്പിനും കീഴിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Tags:    
News Summary - Bengaluru Loan Dispute Kidnapping Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.