സി.​ബി.ഐ ചമഞ്ഞ് സ്ത്രീയെ പത്തുദിവസം ‘ഡിജിറ്റൽ അറസ്റ്റ്’ ബന്ദിയാക്കി, 78 ലക്ഷം രൂപ കവർന്നു; കേസ്

രാജ്കോട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ സി.ബി.ഐ ഉദ്യോഗസ്ഥർ ചമഞ്ഞ് 10 ദിവസത്തോളം ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് നടത്തി സ്ത്രീയിൽനിന്ന് 78ലക്ഷം രൂപ കവർന്നതായി പരാതി. സംഭവത്തിൽ രാജ്കോട്ട് സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ടെലികോം കമ്പനിയിൽ നിന്നാണെന്ന വ്യാജേന സർവിസിൽനിന്ന് വിരമിച്ച സ്ത്രീയെ ഒരാൾ ഫോൺ വിളിച്ചതോടെയാണ് തട്ടിപ്പിന്റെ തുടക്കം. സ്ത്രീയുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഒരു സിം കാർഡ് വഴി അശ്ലീല ഉള്ളടക്കം വിതരണം ചെയ്തുവെന്നും ഇതിന്റെ പേരിൽ മുംബൈയിൽ ഒരു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടു​ണ്ടെന്നും അറിയിക്കുകയായിരുന്നു. തുടർന്ന് കേസ് പെട്ടെന്ന് സി.ബി.ഐ ഓഫിസർക്ക് കൈമാറിയെന്ന് അറിയിക്കുകയും വിജയ് പാട്ടീൽ എന്ന പേരിൽ പൊലീസ് യൂണിഫോം ധരിച്ച ഒരാൾ വിഡിയോ കോളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. തുടർന്ന് സ്ത്രീക്ക് ഉന്നത കള്ളപ്പണ കേസിലും സൈബർ തീവ്രവാദ കേസിലും പ​ങ്കുണ്ടെന്ന് ഇയാൾ ആരോപിക്കുകയായിരുന്നു. 10 വർഷം തടവോ ജീവപര്യന്തമോ ശിക്ഷ ലഭിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കുറ്റങ്ങൾ പരിശോധിക്കുന്നതിന് ജഡ്ജിയായി വേഷമിട്ട ഒരാളെത്തി വ്യാജ കോടതിമുറി അന്തരീക്ഷം സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്.

പത്ത് ദിവസത്തോളം ഇവർ സ്ത്രീയെ കാമറക്ക് മുമ്പിൽ നിർത്തി. ഈ ദിവസങ്ങളിൽ സ്ത്രീയുടെ സ്ഥിര നിക്ഷേപങ്ങളും മറ്റ് സമ്പാദ്യങ്ങളും കൈമാറാൻ അവർ നിർബന്ധിച്ചു. 78 ലക്ഷം രൂപയാണ് പ്രതികളുടെ അക്കൗണ്ടിലേക്ക് ഇവർ ട്രാൻസ്ഫർ ചെയ്തത്. തന്റെ സമ്പാദ്യങ്ങളെല്ലാം തീർന്നശേഷം ബന്ധുക്കളിൽനിന്ന് പണം ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.

അന്തർസംസ്ഥാന സംഘമാണ് തട്ടിപ്പ് നടത്തിയതെന്ന് ​പൊലീസ് പറഞ്ഞു. ആന്ധ്രപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മ്യൂൾ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയിരിക്കുന്നതെന്നും അവർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നാല് ബാങ്ക് അക്കൗണ്ടുകൾ പൊലീസ് ഫ്രീസ് ചെയ്തു. പ്രതികൾ കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൊബൈൽ നമ്പറുകൾ പൊലീസ് ട്രാക്ക് ചെയ്യുന്നുണ്ട്. 

Tags:    
News Summary - Retired Gujarat Woman Loses Rs 78 Lakh in 10 Day Digital Arrest Scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.