ഡി.എം.കെയുമായുള്ള ബന്ധം അവസാനിപ്പിച്ചു; വിജയ്‌ക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ്

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വർഷങ്ങളായി തുടർന്നിരുന്ന സഖ്യം അവസാനിപ്പിച്ചു കൊണ്ട് കോൺഗ്രസ് ഡി.എം.കെ വിട്ടു. നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകവുമായി ചേർന്ന് സംസ്ഥാനത്തെ ആദ്യത്തെ സഖ്യസർക്കാർ രൂപീകരിക്കാനുള്ള തീരുമാനമാണ് കോൺഗ്രസ് കൈക്കൊണ്ടിരിക്കുന്നത്. 2004 മുതൽ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒഴികെ എല്ലാ തെരഞ്ഞെടുപ്പുകളിലും ഡി.എം.കെയുടെ വിശ്വസ്ത പങ്കാളിയായിരുന്ന കോൺഗ്രസിന്റെ ഈ പിന്മാറ്റം ഇന്ത്യാ ബ്ലോക്കിൽ വലിയ വിള്ളലുകൾ വീഴ്ത്തിയിരിക്കുകയാണ്.

എം.കെ. സ്റ്റാലിനും രാഹുൽ ഗാന്ധിയും തമ്മിലുണ്ടായിരുന്ന ബന്ധത്തിൽ അടുത്ത കാലത്തുണ്ടായ സീറ്റ് വിഭജന തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് കോൺഗ്രസിനെ നയിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ, രാജ്യസഭാ തെരഞ്ഞെടുപ്പുകളിലും ഈ പുതിയ സഖ്യം തുടരുമെന്ന് തമിഴ്‌നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ഗിരീഷ് ചോഡങ്കർ വ്യക്തമാക്കി.

ഭരണഘടനാ മൂല്യങ്ങളിലും മതേതരത്വത്തിലും അധിഷ്ഠിതമായ ഒരു സർക്കാർ രൂപീകരിക്കാൻ ടി.വി.കെ പ്രസിഡന്റ് വിജയ് കോൺഗ്രസിന്റെ പിന്തുണ തേടുകയായിരുന്നു. 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സംഖ്യ തികക്കാൻ വിജയ്‌യുടെ പാർട്ടിക്ക് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മതേതര പുരോഗമന രാഷ്ട്രീയത്തിന്റെ താൽപ്പര്യം മുൻനിർത്തി ടി.വി.കെയെ പിന്തുണക്കാൻ തമിഴ്‌നാട് കോൺഗ്രസ് കമ്മിറ്റിയും കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടിയും ഐകകണ്ഠ്യേന തീരുമാനിച്ചത്. തമിഴ്‌നാട്ടിലെ ജനങ്ങൾ പ്രത്യേകിച്ച് മാറ്റം ആഗ്രഹിക്കുന്ന യുവാക്കൾ ഒരു പുതിയ രാഷ്ട്രീയ പരീക്ഷണത്തിന് നൽകിയ വ്യക്തമായ വിധിയെ ബഹുമാനിക്കേണ്ടത് ഭരണഘടനാപരമായ കടമയാണെന്ന് കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്നു.

പുതിയ സഖ്യ സർക്കാർ അധികാരമേൽക്കുന്നതോടെ പെരിയാറിന്റെ സാമൂഹിക നീതിയും ബി.ആർ. അംബേദ്കറുടെ ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുമെന്ന് നേതാക്കൾ സംയുക്തമായി പ്രഖ്യാപിച്ചു. കെ. കാമരാജിന്റെ ഭരണകാലത്തെ തമിഴ്‌നാടിന്റെ 'സുവർണ്ണ ദിനങ്ങൾ' തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാകും ഈ പുതിയ സഖ്യം പ്രവർത്തിക്കുക.

Tags:    
News Summary - Relationship with DMK ended; Congress to form government by joining hands with Vijay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.