ന്യൂഡൽഹി: ‘‘ചൗക്കീദാർ ചോർ ഹെ എന്ന് സുപ്രീംകോടതി പറഞ്ഞു’’ എന്ന പരാമർശത്തിന് കോ ൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഖേദപ്രകടനം നടത്തിയാൽ പോരെന്നും മാപ്പു പറയണമെന്നും സുപ്രീംകോടതി. രണ്ടാമത്തെ സത്യവാങ്മൂലത്തിലും നിരുപാധികം മാപ്പുപറയാൻ തയാറാകാ തിരുന്നതിെന തുടർന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊേഗായി അധ്യക്ഷനായ ബെഞ്ച് നില പാട് കടുപ്പിച്ചത്. ചൗക്കീദാർ ചോർ ഹെ (കാവൽക്കാരൻ കള്ളനാണ്) എന്ന രാഷ്ട്രീയ മുദ്രാവാക്യത്തെ സുപ്രീംകോടതിയുമായി ബോധപൂർവമല്ലാതെ കൂട്ടിക്കലർത്തി സംസാരിച്ചതിന് ഖേദപ്രകടനം നടത്തുകയാണ് രാഹുൽ ചെയ്തത്.
ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി തനിക്കെതിരെ സമർപ്പിച്ച കോടതിയലക്ഷ്യഹരജിക്കുള്ള മറുപടി സത്യവാങ്മൂലത്തിലും ഉദ്ദേശ്യപൂർവമല്ലാതെ പറ്റിയ പിഴവായതിനാൽ നിരുപാധികം മാപ്പുപറയാൻ രാഹുൽ തയാറായില്ല. ഇക്കാര്യം ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച പ്രത്യേകം എടുത്തുപറഞ്ഞു. സുപ്രീംകോടതി കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഒന്നും പ്രതികരിച്ചില്ലെന്നും എന്നാൽ കാര്യങ്ങൾ പറയാൻ താങ്കൾ തങ്ങളെ നിർബന്ധിതരാക്കുകയാണെന്നും രാഹുൽ ഗാന്ധിയുടെ അഭിഭാഷകനായ അഭിഷേക് മനു സിങ്വിയോട് ചീഫ് ജസ്റ്റിസ് പറഞ്ഞു. രാഹുൽ നടത്തിയ കോടതിയലക്ഷ്യ പരാമർശെത്ത ന്യായീകരിക്കുന്നതാണ് പുതിയ സത്യവാങ് മൂലമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധിക്ക് കോടതിയോട് ബഹുമാനമില്ലെന്നും ഖേദപ്രകടനം കണ്ണിൽപൊടിയിടലാണെന്നും അതിനാൽ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നും മീനാക്ഷി ലേഖിക്കുവേണ്ടി ഹാജരായ മുകുൾ രോഹതഗി ആവശ്യപ്പെട്ടു. നിഘണ്ടുവിൽ ഖേദപ്രകടനവും മാപ്പ് അപേക്ഷിക്കുന്നതും ഒന്നാണെന്നും ആ അർഥത്തിൽ രാഹുൽ ഗാന്ധി മാപ്പു പറഞ്ഞിട്ടുെണ്ടന്നും അഭിഷേക് മനു സിങ്വി വാദിച്ചിട്ടും ഫലമുണ്ടായില്ല. മാപ്പുചോദിച്ച് തിങ്കളാഴ്ചതന്നെ പുതിയ സത്യവാങ്മൂലം ഫയൽചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. എല്ലാവർക്കും തെറ്റു സംഭവിക്കുമെന്നും തെറ്റു പറ്റിയാൽ അത് അംഗീകരിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളും പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ ഭാഗത്തുനിന്ന് മൂന്ന് തെറ്റുകൾ പറ്റിയെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സിങ്വി പറഞ്ഞപ്പോൾ നിരുപാധികം മാപ്പുപറയണമെന്ന് മുകുൾ റോഹതഗി ആവശ്യപ്പെട്ടു. ‘‘ചൗക്കീദാർ ചോർ ഹെ’’ എന്നത് ഒരു രാഷ്ട്രീയ മുദ്രാവാക്യം ആണെന്ന വാദത്തിലേക്കു കടക്കാൻ ശ്രമിച്ചപ്പോഴും ചീഫ് ജസ്റ്റിസ് തടഞ്ഞു. തങ്ങൾക്ക് രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.