ഭോപ്പാൽ: മധ്യപ്രദേശിലെ ഗ്വാളിയാറിൽ ദലിത് വിഭാഗത്തിൽപ്പെട്ട ഡ്രൈവറെ തട്ടികൊണ്ടുപോയി ക്രൂരമായി മർദിക്കുകയും അപമാനിക്കുകയും ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ദേഹോപദ്രവം ഏൽപിച്ചതിന് പുറമെ മദ്യം കുടിക്കാൻ നിർബന്ധിക്കുകയും രക്ഷപ്പെടുന്നതിന് മുമ്പ് മൂത്രം കുടിപ്പിച്ചതായും യുവാവ് പരാതിപ്പെട്ടു. ഗ്വാളിയാറിൽ താമസിക്കുകയായിരുന്ന യുവാവിനെ സർപുരയിലേക്ക് തട്ടിക്കൊണ്ട് വന്നാണ് മർദനത്തിരയാക്കിയത്. സോനു ബറുവ, അലോക് പഥക്, ചോട്ടു ഓജ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലേക്ക് അയച്ചു.
സംഭവത്തിൽ അസ്റ്റിലായ സോനു ബറുവയുടെ ഡ്രൈവറായിരുന്നു യുവാവ്. അടുത്തിടെ ഇയാൾ ജോലി രാജി വെച്ച് ഭാര്യ വീട്ടുകാരുടെ കൂടെ ഗ്വാളിയാറിൽ താമസിക്കുകയായിരുന്നു. അവിടുന്നാണ് സോനുവിന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി മർദനത്തിനിരയാക്കിയത്. മർദനത്തെ തുടർന്ന് ബോധരഹിതനായ യുവാവിനെ പ്രതികൾ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ബോധം വന്ന ഉടൻ യുവാവ് ബന്ധുക്കളെ വിവരമറിയിക്കുകയും അവർ ആശുപത്രിയിൽ കൊണ്ടു പോവുകയു ചെയ്തു.
പ്രാഥമിക അന്വേഷണത്തിൽ തന്റെ വാഹനം ഓടിക്കാൻ വിസമ്മതിച്ചതിലുള്ള പ്രകോപനമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ മറ്റെന്തെങ്കിലും കാരണങ്ങൾ പിന്നിലുണ്ടോ എന്നതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൾ പറഞ്ഞു. യുവാവിന്റെ വൈദ്യ പരിശോധനക്ക് ശേഷമായിരിക്കും മൂത്രം കുടിപ്പിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ. തട്ടികൊണ്ടു പോകലിനും ക്രൂരമായി മർദിച്ചതിനുമുൾപ്പടെ നിരവധി വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.