വെള്ളപ്പൊക്കത്തിൽ കടപുഴകി; നൂറ്റാണ്ട് പഴക്കമുള്ള ആൽമരത്തിന് നാല് മാസത്തിനുശേഷം പുനർജന്മം - വിഡിയോ

അസാധ്യമെന്ന് വിചാരിച്ച സംഭവം യാഥാർത്ഥ്യമാക്കിയ സന്തോഷത്തിലാണ് തെലങ്കാനയിലെ ഒരുകൂട്ടം പ്രകൃതി സ്നേഹികൾ. വെള്ളപ്പൊക്കത്തിൽ കടപുഴകിയ ആൽമരത്തിന് അവർ നാല് മാസത്തിനുശേഷം പുനർജന്മം നൽകിയിരിക്കുകയാണ്.

തെലങ്കാനയിലെ രാജന്ന സിർസില്ല ജില്ലയിൽ നാലുമാസം മുമ്പ് പെയ്ത കനത്ത മഴയിലാണ്, ഒരു നൂറ്റാണ്ട് പഴക്കമുള്ള കൂറ്റൻ ആൽമരം കടപുഴകുന്നത്. ഏകദേശം 100 ടൺ ഭാരമാണ് മരത്തിനുള്ളത്. ഞായറാഴ്‌ച ജില്ലാ അധികാരികളുടെ സഹായത്തോടെയും സംസ്ഥാന സർക്കാറിന്റെ പിന്തുണയോടെയും മരം മാറ്റിസ്ഥാപിക്കുകയായിരുന്നു.

കൊണറോപേട്ട് ബ്ലോക്കിലെ സുദ്ദാല ഗ്രാമത്തിൽ സഹോദരന്മാരായ ബുറ ഭൂമയ്യ ഗൗഡിന്റെയും ബുറ രാമയ്യ ഗൗഡിന്റെയും കൃഷിഭൂമിയിലായിരുന്നു ആൽമരമുണ്ടായിരുന്നത്. നാലുമാസം മുമ്പ് പെയ്ത കനത്ത മഴയിൽ മണ്ണ് ഒലിച്ചുപോവുകയും മരം കടപുഴകുകയുമായിരുന്നുവെന്ന് തെലങ്കാന രാഷ്ട്ര സമിതി രാജ്യസഭാംഗം ജോഗിനിപ്പള്ളി സന്തോഷ് കുമാർ പറഞ്ഞു.

'മഴ മാറിയതോടെ മരം ഉണങ്ങാൻ തുടങ്ങി. നിരവധി പക്ഷികൾക്ക് അഭയവും മനുഷ്യർക്ക് തണലും നൽകിയിരുന്ന മരം വീണതിൽ ഗ്രാമത്തിലെ പ്രകൃതിസ്‌നേഹിയായ ഡോ. ഡോബ്ബാല പ്രകാശ് അസ്വസ്ഥനായിരുന്നു. രണ്ട് മാസത്തേക്ക് മരത്തിന് വെള്ളം നൽകണമെന്ന് പ്രകാശ് സമീപത്തെ വയലുകളിലെ കർഷകരോട് അഭ്യർത്ഥിച്ചു. കുറച്ച് സമയത്തിനുള്ളിൽ പുതിയ ഇലകൾ തളിർക്കുകയും വേരുകൾ വളരുകയും ചെയ്തു.


അപ്പോഴാണ് മരം മറ്റൊരിടത്തേക്ക് മാറ്റിയാൽ അതിന് പുതുജീവൻ ലഭിക്കുമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്' -രാജ്യത്തുടനീളം പച്ചപ്പ് വികസിപ്പിച്ച് പരിസ്ഥിതിയെ സംരക്ഷിക്കാൻ ഗ്രീൻ ഇന്ത്യ ചലഞ്ച് പ്രോഗ്രാം ആരംഭിച്ച സന്തോഷ് കുമാർ എം.പി പറഞ്ഞു.

കൂറ്റൻ മരത്തെ സ്ഥലം മാറ്റുന്നത് ഏറെ ചെലവേറിയ കാര്യമാണ്. അതിനെ ഉയർത്താനും മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും വീണ്ടും നടാനുമുള്ള ചെലവ് വഹിക്കാൻ പ്രകാശ് സ്‍പോൺസർമാരെ തേടി. തുടർന്ന് പ്രകാശിനെ സഹായിക്കാൻ സന്തോഷ് കുമാർ മുന്നിട്ടിറങ്ങുകയായിരുന്നു.

'മരങ്ങൾ മാറ്റിസ്ഥാപിക്കുന്നതിൽ പ്രവർത്തിക്കുന്ന സർക്കാറിതര സംഘടനയായ വാറ്റ ഫൗണ്ടേഷന്റെ സ്ഥാപകനായ ഉദയ കൃഷ്ണ പെഡ്ഡിറെഡ്ഡിയെ ബന്ധപ്പെട്ടു. അവർ ഈ ചുമതല ഏറ്റെടുത്തു' -എം.പി പറഞ്ഞു.


പെഡ്ഡിറെഡ്ഡിയും സഹപ്രവർത്തകരായ മധൻ സോമാദ്രി, നിഷ ഖുറാന, ശ്രീനിവാസ് ഗൗഡ്, രാംകുമാർ പുച്ച, കരുൺ നിമ്മകായല, പ്രകാശ് ഗജ്ജല എന്നിവരും ചേർന്ന് സുദ്ദാല ഗ്രാമത്തിൽനിന്ന് ആറ് കിലോമീറ്റർ അകലെയുള്ള സിർസില്ല കലക്ടറുടെ ഓഫിസിലേക്ക് മരം മാറ്റാൻ പദ്ധതി തയാറാക്കി. മരം എളുപ്പത്തിൽ കൊണ്ടുപോകാൻ ജില്ലാ ഭരണകൂടം ഗ്രാമത്തിൽനിന്ന് കലക്ടറുടെ ഓഫിസിലേക്ക് പ്രത്യേക റോഡ് സ്ഥാപിച്ചു. 100 ടൺ ഭാരമുള്ള മരം കൊണ്ടുപോകാൻ വലിയ വാഹനവും മരം ഉയർത്താൻ 70 ടൺ വീതം ശേഷിയുള്ള രണ്ട് ക്രെയിനുകളും സജ്ജീകരിച്ചു.

ഞായറാഴ്ച രാവിലെ 10ന് ക്രെയിനുകളുടെ സഹായത്തോടെ മരം ഉയർത്തി കലക്‌ട്രേറ്റിലെത്തിച്ചു. 12.30ഓടെ പുതിയ കുഴിയെടുത്ത് നടുകയും ചെയ്തു. മാതൃവൃക്ഷത്തിൽ നിന്ന് രണ്ട് വലിയ ശാഖകൾ തങ്കണ്ണപ്പള്ളി ബ്ലോക്കിലെ സില്ലെല്ല വനമേഖലയിലും നട്ടുപിടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ നിർദേശങ്ങളും സിർസില്ല എം.എൽ.എയും വ്യവസായ മന്ത്രിയുമായ കെ.ടി. രാമറാവുവിന്റെ സഹായങ്ങളും ഈ ദൗത്യം പൂർത്തിയാക്കാൻ സഹായിച്ചുവെന്നും സന്തോഷ് കുമാർ എം.പി കൂട്ടിച്ചേർത്തു. 


Tags:    
News Summary - Rebirth four months after the century-old banyan tree - Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.