9.15നെങ്കിലും ജോലിക്കെത്തണം, അല്ലെങ്കിൽ ഹാഫ് ഡേ ലീവ്; ജീവനക്കാരോട് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഓഫിസുകളിലെ ജീവനക്കാർ 9.15നെങ്കിലും ജോലിക്കെത്തിയിരിക്കണമെന്ന് ഉത്തരവ്. 9.15ന് എത്താൻ സാധിച്ചില്ലെങ്കിൽ പകുതി ദിവസത്തെ ലീവ് രേഖപ്പെടുത്തണമെന്നുമാണ് ഡിപാർട്മെന്‍റ് ഓഫ് പേഴ്സണൽ ആൻഡ് ട്രെയിനിങ് പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഒമ്പത് മുതൽ വൈകീട്ട് 5.30 വരെയാണ് കേന്ദ്ര സർക്കാർ ഓഫിസുകളിലെ ജോലി സമയം. ഒമ്പത് മണിക്ക് ജോലി ആരംഭിക്കണമെങ്കിലും 15 മിനിറ്റ് ഇളവ് അനുവദിക്കും. 15 മിനിറ്റ് കഴിഞ്ഞും എത്താത്തവരുടെ കാഷ്വൽ ലീവിൽ നിന്നും പകുതി ദിവസത്തെ അവധി എടുക്കും. ആധാറുമായി ബന്ധിപ്പിച്ച ബയോമെട്രിക് സംവിധാനം വഴിയാണ് ജീവനക്കാരുടെ ജോലി സമയം രേഖപ്പെടുത്തേണ്ടത്.

സർക്കാർ ഓഫിസുകളിൽ ജീവനക്കാർ സ്ഥിരമായി വൈകി വരുന്നതും നേരത്തെ പോകുന്നതും നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഇത്തരക്കാർക്കെതിരെ നടപടി വേണമെന്നും സർക്കുലറിൽ പറയുന്നു.

കോവിഡ് മഹാമാരി കാരണം പഞ്ചിങ് പോലെയുള്ള ബയോമെട്രിക് ഹാജര്‍ സംവിധാനത്തിന്‍റെ ഉപയോഗം ഓഫിസുകളിൽ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. ബയോമെട്രിക് സംവിധാനം പുന:രാരംഭിക്കുന്നതിനുള്ള ഉത്തരവ് ആദ്യമായി പുറപ്പെടുവിച്ചത് 2022 ലാണ്.

അവധി എടുക്കുന്നത് സംബന്ധിച്ച് ജീവനക്കാർ മുൻകൂട്ടി അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നുണ്ട്. അവധിക്കായി കാഷ്വൽ ലീവ് അപേക്ഷ നേരത്തെ നൽകണം. 

Tags:    
News Summary - Reach office by 9:15 am or lose half-day leave': Centre warns employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.