ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയെ കൈമാറണമെന്ന ഉപാധി വെച്ചതോടെ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ ഇന്ത്യ സന്ദർശനത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, അദ്ദേഹത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് രാഷ്ട്രപതി ഭവൻ മാധ്യമങ്ങൾക്ക് അയച്ച അറിയിപ്പ് പിൻവലിച്ചു.
ബംഗ്ലാദേശ് പ്രധാനമന്ത്രിക്ക് നൽകുന്ന ഔദ്യോഗിക സ്വീകരണത്തിന്റെ റിഹേഴ്സൽ നടക്കുന്നതിനാൽ ആഗസ്റ്റ് 22 ശനിയാഴ്ച രാഷ്ട്രപതി ഭവനിൽ ഗാർഡ് ഓഫ് ചെയ്ഞ്ച് നടക്കില്ലെന്ന് കാണിച്ച് അയച്ച അറിയിപ്പാണ് പൊടുന്നനെ പിൻവലിച്ചത്. ഇന്ത്യയുടെ ക്ഷണം ബംഗ്ലാദേശ് ഇനിയും സ്വീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ അതിനായുള്ള റിഹേഴ്സൽ വിവരം അറിയിച്ചത് വീഴ്ചയാണെന്ന് കണ്ടാണ് രാഷ്ട്രപതി ഭവൻ പിൻവലിച്ചത്.
ബംഗ്ലാദേശ് പ്രധാനമന്ത്രിക്കുള്ള ക്ഷണത്തിൽ സന്ദർശനത്തിനെത്താൻ ഇന്ത്യ മുന്നോട്ടുവെച്ച തീയതി ഈ മാസം 25 ആണെന്ന് വിദേശ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ, ഇതിൽ ബംഗ്ലാദേശ് ഉറപ്പു നൽകിയിട്ടില്ല. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള താരിഖ് റഹ്മാന്റെ ആദ്യ ഇന്ത്യ സന്ദർശനം ന്യൂഡൽഹിയോ ധാക്കയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമില്ല.
ബംഗ്ലാദേശ് യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിച്ച ശൈഖ് ഹസീനയെ വിചാരണക്ക് കൈമാറണമെന്ന ആവശ്യം ഇന്ത്യ അംഗീകരിച്ചതായി റിപ്പോർട്ടില്ല. ഏതാനും ദിവസം മുമ്പ് ന്യൂഡൽഹി ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബിൽ അവരെ നിലവിലെ ബംഗ്ലാദേശ് സർക്കാറിനെതിരെ സംസാരിക്കാൻ അനുവദിച്ചുവെന്ന് ബി.എൻ.പി സർക്കാറിന് പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.